സുശാന്തിന്റെ മരണം: മുന്‍ മാനേജരും റിയ ചക്രവര്‍ത്തിയുടെ സഹോദരനും അറസ്റ്റില്‍

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്നു കേസില്‍ നടി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രവര്‍ത്തിയും സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡയും അറസ്റ്റില്‍. നര്‍ക്കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിലാണ് അറസ്റ്റ്.

ഇരുവരുടെയും വീടുകളില്‍ റെയ്ഡ് നടന്നു. സുശാന്തിന് ലഹരിമരുന്ന് എത്തിച്ച് നല്‍കിയെന്ന് ആരോപിച്ച് അറസ്റ്റിലായ രണ്ട് പേരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു എന്‍സിബിയുടെ നടപടി. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്.

അതേസമയം ബെംഗളൂരു മയക്കുമരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിയെ അറസ്റ്റ് ചെയ്തു. ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ നടിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഏറെ വിവാദമായ കേസില്‍ നാലാമത്തെ അറസ്റ്റാണ് രാഗിണി ദ്വിവേദിയുടേത്.

Exit mobile version