സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിച്ചു

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര ഔദ്യോഗിക പദവിയില്‍ നിന്ന് വിരമിച്ചു. ആറ് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. തന്റെ പരുഷമായ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പൊറുക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്‌ഐ ബോബ്‌ഡെ ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിര്‍ച്വല്‍ യാത്രയയപ്പാണ് അരുണ്‍ മിശ്രയ്ക്കായി ഒരുക്കിയത്.

2014ലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര സുപ്രീംകോടതി ജഡ്ജിയായി നിയമിതനായത്. ജസ്റ്റിസ് എന്‍.വി രമണക്ക് ശേഷം സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായിരുന്നു ജസ്റ്റിസ് മിശ്ര. 20 വര്‍ഷം നീണ്ട അഭിഭാഷകവൃത്തിക്ക് ശേഷമാണ് ജസ്റ്റിസ് മിശ്ര ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ ഭാഗമായത്. 1999 ഒക്ടോബര്‍ 25നാണ് മധ്യപ്രദേശ് ഹൈകോടതി അഡീഷണല്‍ ജഡ്ജിയായി ജസ്റ്റിസ് മിശ്ര ചുമതലയേല്‍ക്കുന്നത്. 2001 ഒക്ടോബര്‍ 24ന് സ്ഥിരം നിയമനം ലഭിച്ചു.

മധ്യപ്രദേശ് ഹൈക്കോടതി, രാജസ്ഥാന്‍ ഹൈക്കോടതി, കൊല്‍ക്കത്ത ഹൈക്കോടതി എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജയ് ഭട്ടിന്റെ ഹര്‍ജി, ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം, സഹാറ-ബിര്‍ള കൈക്കൂലി കേസ്, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രതിയായ കോടതിയലക്ഷ്യ കേസ്, യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കം, മരട് ഫ്‌ലാറ്റ് പൊളിക്കല്‍ അടക്കം നിരവധി വിവാദ കേസുകളില്‍ അരുണ്‍ മിശ്ര വാദം കേട്ടിരുന്നു.

Exit mobile version