അമുൽ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ്: ബിജെപിയെ മലർത്തിയടിച്ച് കോൺഗ്രസിന് വൻവിജയം

വഡോദര: ഗുജറാത്തിലെ അമുൽ ഡയറി ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻവിജയം. ബിജെപി ആകെ നാല് സീറ്റ് നേടിയപ്പോൾ രണ്ട് എംഎൽഎമാർ തോൽവിയറിഞ്ഞു. വോട്ടെടുപ്പ് നടന്ന പതിനൊന്നിൽ എട്ട് സീറ്റുകൾ കോൺഗ്രസ് നേടി. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ചയാണ് അമുൽ തെരഞ്ഞെടുപ്പ് നടന്നത്.

ആകെ 12 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് രാംസിങ് പാർമർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 11 ബ്ലോക്കുകളിലേക്ക് തിങ്കളാഴ്ച നടന്ന വോട്ടെണ്ണലിൽ ബിജെപി എംഎൽഎ കേസരി സിങ് സോളങ്കി തോറ്റു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന സഞ്ജയ് പട്ടേലാണ് ഇദ്ദേഹത്തെ പരാജയപ്പെടുത്തിയത്.

അതേസമയം, കോൺഗ്രസ് എംഎൽഎമാരായ സോദ പാർമർ, രാജേന്ദ്ര സിംഗ് പാർമർ എന്നിവർ വിജയിച്ചു. സീത പാർമർ, വിപുൽ പട്ടേൽ, ഖെല സാല, രാജേഷ് പതക്, ഗൗതം ചൗഹാൻ എന്നിവരാണ് വിജയിച്ച മറ്റ് കോൺഗ്രസ് നേതാക്കൾ. അമുൽ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ 1,050 പേർക്കാണ് വോട്ടിംഗ് അവകാശമുള്ളത്. കൊവിഡ് പ്രതിസന്ധികൾക്കിടയിലും 99.71 പേർ വോട്ട് രേഖപ്പെടുത്തി. 74കാരനായ വോട്ടർ ആംബുലൻസിലെത്തി വോട്ട് ചെയ്തും ശ്രദ്ധേയമായി.

Exit mobile version