‘പണ്ട് പണ്ട് ഇവിടെ ക്രമസമാധാനം നിലനിന്നിരുന്നു എന്നാകും ഇപ്പോള്‍ ഇവിടുത്തെ ആളുകള്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞ് കൊടുക്കുന്നത്’; ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് അഖിലേഷ് യാദവ്

ലഖ്നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് അഖിലേഷ് യാദവിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് അദ്ദേഹം യുപിയില്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചു വരുന്നതിനെതിരെ പ്രതികരിച്ചത്.

‘ഏറെ സുരക്ഷിതമെന്ന് പറയപ്പെടുന്ന ഗൗതംപള്ളിയില്‍ പോലും ഇപ്പോള്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നു. പണ്ട് പണ്ട് ഇവിടെ ക്രമസമാധാനം നിലനിന്നിരുന്നു എന്നാകും ഇപ്പോള്‍ ഇവിടുത്തെ ആളുകള്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞ് കൊടുക്കുന്നത്’ എന്നാണ് അഖിലേഷ് യാദവ് ട്വീറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ ഗൗതംപള്ളിയില്‍ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റെയില്‍വേ ഉദ്യോഗസ്ഥന്റെ മാനസികാസ്വാസ്ഥ്യമുള്ള മകളാണ് അമ്മയെയും സഹോദരനെയും വെടിവെച്ചു കൊന്നതെന്നാണ് പോലീസ് വിശദീകരണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയുടെ ഏതാനും കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്.

Exit mobile version