സകലസമ്പാദ്യവും അടിച്ചുമാറ്റി കാമുകി ഓട്ടോഡ്രൈവറുടെ കൂടെ ഒളിച്ചോടി; നാട്ടിലെ ഓട്ടോക്കാരുടെ മൊബൈൽ മോഷ്ടിച്ച് ആസിഫ്

ആസിഫിന്റെ പ്രതികാരം! സകലസമ്പാദ്യവും അടിച്ചുമാറ്റി കാമുകി ഓട്ടോഡ്രൈവറുടെ കൂടെ ഒളിച്ചോടി; നാട്ടിലെ ഓട്ടോക്കാരുടെ മൊബൈൽ മോഷ്ടിച്ച് യുവാവിന്റെ വിചിത്ര പകവീട്ടൽ; ഒടുവിൽ പൂട്ടി പോലീസ്

അഹമ്മദാബാദ്: പൂണെ നഗരത്തിലെ ഓട്ടോക്കാരുടെ മൊബൈൽഫോൺ സ്ഥിരമായി മോഷണം പോകുന്നത് പതിവായതോടെ അന്വേഷിച്ചിറങ്ങി പോലീസ് കണ്ടെത്തിയത് വിചിത്ര പ്രതികാരത്തിന്റെ കഥ. ഓട്ടോക്കാരനൊപ്പം ഒളിച്ചോടിയ കാമുകിയോട് പകവീട്ടാനായി ഓട്ടോക്കാരുടെ മൊബൈലുകൾ മോഷ്ടിച്ച് നിർവൃതിയടയുകയായിരുന്നു ആ കള്ളനെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പൂണെ പോലീസാണ് സംഭവത്തിൽ അഹമ്മദാബാദ് സ്വദേശിയായ ഭുരാഭായി ആരിഫ് ഷെയ്ഖ് (ആസിഫ്) എന്ന 36 കാരനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സാമ്പത്തിക നേട്ടത്തിനായിരുന്നില്ല ആസിഫിന്റെ പ്രവർത്തി, പ്രതികാരമായിരുന്നു മനസ് നിറയെയെന്ന് പോലീസ് പറയുന്നു.

അഹമ്മദാബാദിൽ സ്വന്തമായി ഒരു ഒരു റെസ്റ്റൊറൻറ് നടത്തിവരികയായിരുന്നു ആസിഫ്. ഇതിനിടെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. വീട്ടുകാർ ബന്ധത്തെ എതിർത്തതോടെ തന്റെ ആ ഹോട്ടൽ പോലും വിറ്റ് പണവുമായി കാമുകിക്കൊപ്പം ഒളിച്ചോടി പൂണെയിലെത്തുകയായിരുന്നു. പുതുജീവിതവും ബിസിനസും സ്വപ്‌നം കണ്ട ആസിഫിന് എട്ടിന്റെ പണികൊടുത്ത് രണ്ട് ദിവസത്തിനുള്ളിൽ കഴിഞ്ഞപ്പോൾ ഇയാളുടെ പക്കലുണ്ടായിരുന്ന മുഴുവൻ സമ്പാദ്യങ്ങളുമായി 27കാരിയായ കാമുകി നാട്ടിലേക്ക് തന്നെ മുങ്ങി. ഇവരെ തിരക്കി ആസിഫ് നാട്ടിലെത്തിയപ്പോഴേക്കും ഒരു ഓട്ടോറിക്ഷാ ഡ്രൈവറുമായി യുവതിയുടെ വിവാഹം കഴിഞ്ഞിരുന്നു.

ഹൃദയം തകർന്ന ആസിഫ് പൂണെയിലേക്ക് തന്നെ മടങ്ങി ചെറുജോലികൾ ചെയ്ത് ജീവിതം മുന്നോട്ട് നീക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എങ്കിലും ഓട്ടോറിക്ഷാ ഡ്രൈവർമാരോടുള്ള വെറുപ്പ് ഇയാൾ ഉള്ളിൽ സൂക്ഷിച്ചിരുന്നു. ഇതാണ് ഇവരുടെ ഫോണുകൾ മോഷ്ടിക്കാൻ ഇയാളെ പ്രേരിപ്പിച്ചത്. നഗരത്തിൽ വിവിധ ഓട്ടോക്കാരിൽ നിന്നായി എഴുപതോളം സ്മാർട്ട് ഫോണുകളാണ് ഇയാൾ മോഷ്ടിച്ചത്. ഓട്ടോയിൽ കയറിയ ശേഷം ഡ്രൈവർമാരുടെ ശ്രദ്ധ തിരിച്ചാണ് മോഷണം നടത്തി വന്നിരുന്നത്. ഇത്തരത്തിൽ മോഷണം നടത്തുമ്പോൾ മനസിന് ഒരു ആശ്വാസം ലഭിക്കാറുണ്ടെന്നാണ് ആസിഫ് പോലീസിന് നൽകിയ മൊഴി. ‘ഇവരുടെ കൂട്ടത്തിലൊരാളാണ് തന്റെ ഹൃദയം തകർത്തതും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതും’. അതുകൊണ്ട് ഇങ്ങനെ പകവീട്ടി ആശ്വാസം കണ്ടെത്തുന്നു എന്നായിരുന്നു ആസിഫിന്റെ മൊഴി.

Exit mobile version