ഒരുമിച്ച് പ്രവർത്തിക്കേണ്ടത് കടമ; കത്ത് വിവാദം അവസാനിപ്പിക്കണം: ഒടുവിൽ മൗനം വെടിഞ്ഞ് തരൂർ

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിക്ക് നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് അധ്യക്ഷ സോണിയ ഗാന്ധിക്ക് നേതാക്കൾ അയച്ച കത്തിനെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ശശി തരൂർ എംപി. പാർട്ടിയുടെ നന്മയ്ക്കായി ഒന്നിച്ച് പ്രവർത്തിക്കണമെന്നും തരൂർ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ നാല് ദിവസമായി ഈ വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു. ഈ വിഷയങ്ങൾ നമുക്ക് പിന്നിലെന്ന് പാർട്ടി പ്രസിഡന്റ് തന്നെ പറയുമ്പോൾ പാർട്ടിയുടെ താൽപ്പര്യങ്ങൾക്കായി ക്രിയാത്മകമായി ഒരുമിച്ച് പ്രവർത്തിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്. ഈ തത്വം ഉയർത്തിപ്പിടിക്കാനും ചർച്ച അവസാനിപ്പിക്കാനും ഞാൻ എന്റെ എല്ലാ സഹപ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു. ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

അതേസമയം കോൺഗ്രസിന് മുഴുവൻ സമയനേതൃത്വം വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് മുതിർന്ന നേതാവ് ഗുലാംനബി ആസാദ്. രാഹുൽ ഗാന്ധിയോ മറ്റാരെങ്കിലുമോ അധ്യക്ഷനാകുന്നതിൽ ആശങ്കയില്ല. സോണിയ ഗാന്ധിക്ക് കത്തയച്ചത് സമാന്തരപ്രവർത്തനമല്ലെന്നും പാർട്ടിയെക്കുറിച്ചറിയാത്തവരാണ് കുറ്റപ്പെടുത്തുതെന്നും ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗുലാം നബി ആസാദ് പറഞ്ഞു.

അതേസമയം, പ്രവർത്തക സമിതി യോഗത്തിന് മുമ്പായി നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കൾ നൽകിയ കത്തിനെ ചൊല്ലി രൂക്ഷമായ വാദ പ്രതിവാദങ്ങളാണ് ഉണ്ടായത്. പ്രവർത്തക സമിതിയിൽ വരെ വലിയ പൊട്ടിത്തെറികളും ഉണ്ടായി. കത്തിൽ ഒപ്പിട്ട 23 നേതാക്കളിൽ ശശി തരൂരും ഉണ്ടായിരുന്നു. തരൂരിനെതിരെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് വരെ രംഗത്ത് വന്നിരുന്നു. അതേസമയം കത്തിലൊപ്പിട്ട പിജെ കുര്യനെ മുല്ലപ്പള്ളി ന്യായീകരിക്കുകയും ചെയ്തിരുന്നു.

Exit mobile version