രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിലെ തന്നെ പ്രമുഖ കര്‍ഷക നേതാക്കളുടെ പേരറിയില്ല; കര്‍ഷക ആത്മഹത്യകളെക്കുറിച്ച് പറയാതെ രാഹുലിനെ വ്യക്തിപരമായി ആക്രമിച്ച് മോഡി

അദ്ദേഹത്തിന് അന്തരിച്ച കുംഭറാംജിയെപ്പോലെ കോണ്‍ഗ്രസിലെ പ്രമുഖ കര്‍ഷക, ജാട്ട് നേതാക്കളുടെ പേര് പോലുമറിയില്ല

ജയ്പൂര്‍: രാജ്യത്തെ കര്‍ഷക ആത്മഹത്യകളെക്കുറിച്ചോ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധങ്ങളെക്കുറിച്ചോ ഒരക്ഷരം മിണ്ടാതെ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി കടന്നാക്രമിച്ച് രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. രാഹുല്‍ ഗാന്ധിക്ക് സ്വന്തം പാര്‍ട്ടിയിലെ കര്‍ഷക നേതാക്കളുടെ പേര് പോലും അറിയില്ലെന്നാണ് മോഡി പറഞ്ഞത്. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോണ്‍ഗ്രസ് പ്രസിഡന്റിന് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളുടെ തന്നെ പേരറിയില്ല. അദ്ദേഹത്തിന് അന്തരിച്ച കുംഭറാംജിയെപ്പോലെ കോണ്‍ഗ്രസിലെ പ്രമുഖ കര്‍ഷക, ജാട്ട് നേതാക്കളുടെ പേര് പോലുമറിയില്ല. രാഹുല്‍ ഗാന്ധി കുംഭാകരന്‍ എന്നാണ് അദ്ദേഹത്തെ വിളിച്ചത്. അതുപോലുള്ളവര്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്കുവേണ്ടി എന്തു ചെയ്യുമെന്നത് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ’ മോഡി പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് ഭാരത് മാതാ കി ജയ് എന്ന് വിളിക്കുന്നതില്‍ പ്രശ്നമുണ്ടെന്നും മോദി കുറ്റപ്പെടുത്തി. ‘ നിങ്ങള്‍ക്ക് ഭാരത് മാതാ കി ജയ് എന്നു വിളിക്കാന്‍ എന്തെങ്കിലും പ്രശ്നമുണ്ടോ? നിങ്ങള്‍ക്കുണ്ടോ? കാരണം കോണ്‍ഗ്രസിലെ നാംദാറിന് (രാഹുല്‍ഗാന്ധി) അങ്ങനെ പറയാന്‍ ബുദ്ധിമുട്ടാണ്.’ എന്നും മോഡി പറഞ്ഞു.

അതേ സമയം കാര്‍ഷിക മേഖലയിലെ ഗുരുതര പ്രതിസന്ധികള്‍ അവഗണിക്കുന്ന കേന്ദ്രനിലപാടിനെതിരെ യുപിയിലെയും രാജസ്ഥാനിലെയും തമിഴ്നാട്ടിലെയുമൊക്കെ കര്‍ഷകര്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. ഇത്തരം പ്രതിഷേധങ്ങളെക്കുറിച്ചോ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനെക്കുറിച്ചോ മിണ്ടാതെയാണ് മോഡി രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി തെരഞ്ഞെടുപ്പ് റാലിയില്‍ ആക്രമിച്ചത്.

Exit mobile version