ബിജെപിയിൽ ചേർന്ന ‘ഉഡുപ്പി സിങ്ക’ത്തിന്റെ കഥ ഇങ്ങനെ

ബംഗളൂരു: ഐപിഎസ് ഉപേക്ഷിച്ച് കൃഷിയിലേക്കും പിന്നീട് രാഷ്ട്രീയത്തിലേക്കും തിരിഞ്ഞ ‘സൂപ്പർ കോപ്പ്’, ‘ഉഡുപ്പി സിങ്കം’ എന്നൊക്കെ അറിയപ്പെടുന്ന പോലീസ് ഓഫീസർ അണ്ണാമലൈ കുപ്പുസ്വാമി ഐപിഎസാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഉൾപ്പടെ ചർച്ചാവിഷയം. കർണാടകയിൽ പോസ്റ്റിങ് ലഭിച്ചടത്തെല്ലാം വിപ്ലവമുണ്ടാക്കിയ ജനകീയനായ ഒരു പോലീസ് ഓഫീസർ ആയിരുന്നു അണ്ണാമലൈ. 2011 ബാച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ഈ സിങ്കം പോലീസ് മുപ്പത്തഞ്ചാം വയസ്സിൽ 2020 ഓഗസ്റ്റ് 25 ന് ഉച്ചയ്ക്കാണ് ഔദ്യോഗികമായി രാഷ്ട്രീയത്തിൽ പ്രവേശിച്ചത്, ബിജെപിയിലൂടെ. താനൊരു തികഞ്ഞ രാജ്യസ്‌നേഹി ആണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഹൃദയത്തിൽ വെച്ച് ആരാധിക്കുന്ന വ്യക്തിയാണ് എന്നുമൊക്കെ അവകാശപ്പെടുന്ന അണ്ണാമലൈയുടെ വീക്ഷണം, രാജ്യത്ത് സ്വജനപക്ഷപാതവും പാദസേവയും ഒന്നുമില്ലാത്ത ഒരേയൊരു പാർട്ടി ബിജെപി ആണെന്നാണ്.

തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ജനിച്ച അണ്ണാമലൈ കോയമ്പത്തൂർ പിഎസ്ജി കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദവും, ഐഐഎം ലഖ്നൗവിൽ നിന്ന് മാനേജ്‌മെന്റ് ബിരുദവും നേടിയ ശേഷമാണ് അണ്ണാമലെ സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുന്നത്. 2011 ബാച്ചിൽ ഐപിഎസ് പാസായ അദ്ദേഹം ആദ്യ പോസ്റ്റിങ് 2013 ൽ ഉഡുപ്പി എഎസ്പി ആയിട്ടായിരുന്നു. സ്ഥാനമേറ്റെടുത്ത ശേഷം ആ തീരദേശ നഗരത്തിലെ കുറ്റവാളികളെ ഒതുക്കിയാണ് അദ്ദേഹം ജനങ്ങൾക്കിടയിൽ പ്രശസ്തനായത്. ഈ അടിച്ചൊതുക്കലിലൂടെയാണ് അദ്ദേഹം ‘ഉഡുപ്പി സിങ്കം’ എന്ന വിളിപ്പേര് നേടിയെടുത്തത്.


2013-14 കാലയളവിൽ വർഗീയ കലാപങ്ങൾ ധാരാളമുണ്ടായ ഭട്കൽ ബെൽറ്റിൽ സമാധാനം സ്ഥാപിക്കുന്ന ശ്രമത്തിനിടെ അദ്ദേഹം ഖുർആനും ആഴത്തിൽ പഠിച്ചിരുന്നു. കുന്താപൂരിലെ ഒരു പള്ളിയിലെ മൗലവിയുടെ സഹായത്തോടെ താൻ ഇസ്ലാമിനെ അടുത്തറിഞ്ഞ് പഠിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് അണ്ണാമലൈയും തുറന്നുപറഞ്ഞിട്ടുള്ളത്. അണ്ണാമലൈ ഐപിഎസിന്റെ നിരവധി വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിലും യൂട്യൂബിലും ഉണ്ട്.

2015-16ൽ ചിക്കമംഗളുരു എസ്പി ആയ അദ്ദേഹം, 2017ലുണ്ടായ ബാബാ ബുദൻഗിരി കലാപത്തെ നേരിട്ട അദ്ദേഹത്തിന്റെ പ്രവർത്തന മികവാണ് രാജ്യത്ത് തന്നെ പ്രശംസയ്ക്ക് പാത്രമാവാൻ കാരണം. തുടർന്ന് എട്ടുവർഷത്തോളം വിവിധ പോസ്റ്റുകളിൽ ഇരുന്ന ശേഷമാണ് കഴിഞ്ഞ വർഷം മേയ് മാസത്തിൽ ഐപിഎസിൽ നിന്ന് രാജിവെക്കാൻ തീരുമാനിക്കുന്നത്.

2018-ൽ ബംഗളൂരു സൗത്ത് ഡിസിപി ആയിരുന്ന കാലത്ത് തന്റെ സീനിയർ ആയിരുന്ന മധുകർ ഷെട്ടി ഐപിഎസ് ദുരൂഹ സാഹചര്യത്തിൽ സൈ്വൻ ഫ്‌ളൂ മൂർച്ഛിച്ച് മരിച്ചത് അണ്ണാമലൈയെ ഏറെ അലട്ടിയിരുന്നു. ഇതോടെയാണ് അദ്ദേഹം ഐപിഎസ് രാജിവെക്കുന്നത്. കഴിഞ്ഞ വർഷം മേയിൽ ജോലി രാജിവെച്ചിറങ്ങിയ ശേഷം ജന്മനാടായ കരൂരിൽ ജൈവകൃഷി പരീക്ഷണങ്ങളുമായി കഴിഞ്ഞു കൂടുകയായിരുന്നു സൈക്കിളിങ് ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹം 2018 ൽ നടന്ന 200 കിമി സൈക്ലിങ് മത്സരത്തിലും പങ്കെടുത്തിരുന്നു. ഇടയ്ക്കിടെ ബാക്ക് പാക്കിങ്ങിനും ഹൈക്കിങ്ങിനും പോകുന്ന പതിവും അദ്ദേഹത്തിനുണ്ട്. സംഗീതത്തിലും അഭിരുചിയുള്ള അണ്ണാമലൈ ഇളയരാജ, എആർ റഹ്മാൻ ഗാനങ്ങളുടെ ആരാധകനാണ്.

അണ്ണാമലൈ ‘വീ ദ ലീഡേഴ്‌സ്’ ഫൗണ്ടേഷൻ, ‘കോർ ടാലന്റ് ആൻഡ് ലീഡർഷിപ്പ് ഡെവലപ്പ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്’ എന്നീ സ്ഥാപനങ്ങളുടെയും ഭാഗമാണ്. 2018 ൽ ബംഗളൂരുവിൽ ഡിസിപി ആയിരിക്കെ ആർഎസ്എസ് നേതാവ് സിടി രവിയുമായുണ്ടായ അടുപ്പമാണ് അണ്ണാമലൈയെ ഇപ്പോൾ സംഘപരിവാർ രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചിരിക്കുന്നത്. അക്കാലയളവിൽ സ്വതന്ത്രമായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള സാധ്യതകളെപ്പറ്റി താൻ പഠിക്കുകയായിരുന്നു എന്നും, താൻ കൈവരിച്ച ബോധ്യത്തിന്റെ പുറത്താണ് ബിജെപിയെ തെരഞ്ഞെടുത്തത് എന്നുമാണ് അണ്ണാമലൈ പറയുന്നത്. ദ്രാവിഡിയൻ രാഷ്ട്രീയത്തിന് പണ്ടുണ്ടായിരുന്ന മഹത്വം ഇന്ന് നഷ്ടപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.

Exit mobile version