സ്‌കൂൾ നിർമ്മിക്കാൻ മമത സർക്കാർ നൽകിയ ഭൂമി തിരിച്ചുനൽകി ഗാംഗുലി; കാരണം ബിജെപിയുമായി കൂടുതൽ അടുത്തതോ?

കൊൽക്കത്ത: കൊൽക്കത്ത നഗരത്തിൽ ഐസിഎസ്ഇ ബോർഡ് ഹൈസ്‌ക്കൂൾ നിർമ്മിക്കാനായി ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാർ നൽകിയ സ്ഥലം ബിസിസിഐ അധ്യക്ഷനും മുൻ ക്രിക്കറ്ററുമായ സൗരവ് ഗാംഗുലി തിരിച്ച് നൽകിയെന്ന് റിപ്പോർട്ട്. കൊൽക്കത്ത നഗരത്തിന്റെ കിഴക്കു ഭാഗത്ത് ന്യൂ ടൗണിൽ നൽകിയ രണ്ട് ഏക്കർ സ്ഥലമാണ് ഗാംഗുലി തിരികെ നൽകിയത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ നേരിട്ടു കണ്ടാണ് ഗാംഗുലി സ്ഥലം മടക്കി നൽകിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സെക്രട്ടേറിയറ്റിൽവച്ച് കഴിഞ്ഞ മാസം നടന്ന കൂടിക്കാഴ്ചയിൽ സ്ഥലത്തിന്റെ രേഖകൾ ഗാംഗുലി മുഖ്യമന്ത്രിക്ക് തിരികെ കൊടുത്തതായാണ് റിപ്പോർട്ട്. ഗാംഗുലിയും സംസ്ഥാന സർക്കാരും ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സ്ഥലവുമായി ബന്ധപ്പെട്ടുള്ള നിയമപരമായ നൂലാമാലകളാണ് അദ്ദേഹം സ്ഥലം തിരികെ നൽകാൻ കാരണമായതെന്നാണ് ചില റിപ്പോർട്ടുകൾ.

അതേസമയം, ഗാംഗുലിയുടെ പ്രവർത്തിക്ക് പിന്നിൽ അദ്ദേഹം ബിജെപിയുമായി കൂടുതൽ അടുക്കുന്നതിന്റെ ഭാഗമാണെന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. തൃണമൂൽ കോൺഗ്രസുമായി ഗാംഗുലി അകലുന്നതിന്റെ സൂചനയായി ചില കേന്ദ്രങ്ങൾ ഇതിനെ വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്ത് തൃണമൂലിന്റെ ആധിപത്യം തകർക്കാൻ ബിജെപി കേന്ദ്രനേതൃത്വം ഗാംഗുലിയെ രംഗത്തിറക്കിയേക്കുമെന്നും സൂചനകളുണ്ട്. തൃണമൂൽ കോൺഗ്രസിനോടും മുഖ്യമന്ത്രി മമത ബാനർജിയോടും അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ഗാംഗുലി. അതേസമയം, അടുത്തിടെയായി കേന്ദ്രമന്ത്രി അമിത് ഷായുമായും ഗാംഗുലി സൗഹൃദത്തിലാണ്. അതുകൊണ്ടുതന്നെ ഗാംഗുലി ബിജെപിയിൽ ചേർന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

Exit mobile version