‘ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിത്, നമ്മള്‍ ഒന്നിച്ചു നില്‍ക്കുമ്പോള്‍ നമ്മുടെ ഭാവി ശക്തമാണ്, രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ നയിക്കണം’; സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതിന് പിന്നാലെ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പിന്തുണ അറിയിച്ച് സച്ചിന്‍ പൈലറ്റ്. ത്യാഗമെന്തെന്ന് സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും കാണിച്ചുതന്നെന്നും രാഹുല്‍ പാര്‍ട്ടിയെ നയിക്കണമെന്നാണ് മിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത് എന്നാണ് സച്ചിന്‍ പൈലറ്റ് ട്വിറ്ററില്‍ കുറിച്ചത്.

‘ജനങ്ങളുടെയും പാര്‍ട്ടിയുടെയും നന്മയ്ക്കായി ത്യാഗം ചെയ്യുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് ശ്രീമതി ഗാന്ധിയും രാഹുല്‍ജിയും എനിക്ക് കാണിച്ചുതന്നു. സമവായമുണ്ടാക്കേണ്ട, ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിത്. നമ്മള്‍ ഒന്നിച്ചു നില്‍ക്കുമ്പോള്‍ നമ്മുടെ ഭാവി ശക്തമാണ്. മിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ ജി അധികാരമേറ്റ് പാര്‍ട്ടിയെ നയിക്കണമെന്ന് ആഗ്രഹിക്കുന്നു’ എന്നാണ് സച്ചിന്‍ പൈലറ്റ് ട്വിറ്ററില്‍ കുറിച്ചത്.

കോണ്‍ഗ്രസിന്റെ അടുത്ത അധ്യക്ഷന്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ വേണോ വേണ്ടയോ എന്ന ചര്‍ച്ച നടക്കുന്നതിനിടെയാണ് സച്ചിന്‍ പൈലറ്റ് തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയത്. പാര്‍ട്ടിക്ക് മുഴുവന്‍ സമയ നേതൃത്വം വേണമെന്നാണ് ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ, കപില്‍ സിബല്‍, ശശി തരൂര്‍ എംപി എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്.

Exit mobile version