ഡല്‍ഹി മെട്രോ സര്‍വീസ് പുനഃരാരംഭിക്കാന്‍ അനുമതി നല്‍കണം; ആവശ്യവുമായി അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ ഘട്ടംഘട്ടമായി പുനഃരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരെ സമീപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമായതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

വിഷയത്തില്‍ കേന്ദ്രം ഉടന്‍ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിക്ക് വ്യത്യസ്ത പരിഗണനയാണ് നല്‍കേണ്ടത്. ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം മെച്ചപ്പെടുന്നുണ്ട്. മറ്റ് നഗരങ്ങളില്‍ മെട്രോ ഓടിക്കാന്‍ അവര്‍ താല്‍പര്യപ്പെടുന്നില്ലെങ്കില്‍ അങ്ങനെ ആകട്ടെ.

എന്നാല്‍ ഡല്‍ഹിയിലെ മെട്രോ ട്രെയിന്‍ സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ ഘട്ടം ഘട്ടമായി ആരംഭിച്ചേ മതിയാകൂ. ഇക്കാര്യം മുമ്പ് പലവട്ടം കേന്ദ്രത്തോട് ഞങ്ങള്‍ ആവശ്യപ്പെട്ടതാണ്. ഇക്കാര്യത്തില്‍ കേന്ദ്രം ഉടന്‍ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്- കെജരിവാള്‍ പറയുന്നു.

Exit mobile version