ബിജെപി മുന്നേറുന്നു, കോണ്‍ഗ്രസ് പൊളിച്ചുപണിയണം, മുഴുവന്‍ സമയ അധ്യക്ഷ വേണം; കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ അധ്യക്ഷ വേണമെന്നും അടിമുടി മാറ്റം വേണമെന്നും ആവശ്യപ്പെട്ട് പാര്‍ട്ടി താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്. ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കുന്നുവെന്നും നേതാക്കള്‍ കത്തില്‍ പറയുന്നു.

അഞ്ച് മുന്‍ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍ തുടങ്ങി 23ഓളം കോണ്‍ഗ്രസ് നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്. പാര്‍ട്ടിക്ക് മുഴുവന്‍സമയ കാര്യക്ഷമമായ നേതൃത്വമുണ്ടാകണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കുന്നുവെന്ന് നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. യുവാക്കള്‍ നരേന്ദ്രമോഡിക്ക് വോട്ടുചെയ്യുന്നതും, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിത്തറ നഷ്ടപ്പെടുന്നതും യുവനേതാക്കളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതും ഗൗരവമായി മനസിലാക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.

കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള പോക്കിനും ദേശീയ അനിവാര്യതയാണെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷമുണ്ടായതില്‍ വെച്ച് ഏറ്റവും കടുത്ത സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ വെല്ലുവിളികളെ രാജ്യം അഭിമുഖീകരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ തകര്ച്ച കത്തില് വിശദീകരിക്കുന്നുണ്ട്.

പാര്‍ട്ടിയുടെ മേല്‍തട്ടുമുതല്‍ കീഴ്ഘടകങ്ങളില്‍ വരെ അടിമുടി മാറ്റമുണ്ടാകണമെന്ന് കത്തില്‍ നിര്‍ദ്ദേശിക്കുന്നു. പാര്‍ട്ടിയിലെ അധികാരം കേന്ദ്രീകരിക്കപ്പെടാതെ അധികാര വികേന്ദ്രീകരണം കൊണ്ടുവരണം, സംസ്ഥാന ഘടകങ്ങള്‍ ശക്തിപ്പെടുത്തണം, ബ്ലോക്ക് തലം മുതല്‍ വര്‍ക്കിങ് കമ്മിറ്റിവരെയുള്ള എല്ലാ തലങ്ങളിലും തിരഞ്ഞെടുപ്പ് നടത്തണം. കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് ഉടന്‍ സംഘടിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

നേതൃത്വത്തിലെ അനിശ്ചിതത്വം, പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക്, പാര്‍ട്ടി പ്രവര്‍ത്തകരുടെ ധാര്മികത നഷ്ടപ്പെല്‍ എന്നിവ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ പൊതുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പ്രവര്‍ത്തക സമിതിക്ക് സാധിച്ചിട്ടില്ലെന്നും ഇതില്‍ കുറ്റപ്പെടുത്തുന്നു. പ്രവര്‍ത്തക സമിതി യോഗങ്ങള്‍ വെറും എപ്പിസോഡുകള്‍ ചടങ്ങ് മാറുകയാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

രണ്ടാഴ്ച മുമ്പാണ് കത്ത് അയച്ചതെന്നാണ് വിവരങ്ങള്‍. രാജ്യസഭാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദ്, മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ആനന്ദ് ശര്‍മ, കപില്‍ സിബല്‍, ശശി തരൂര്‍, മനീഷ് തിവാരി, വിവേക് തന്‍ക, പ്രവര്‍ത്തക സമിതി അംഗം മുകുള്‍ വാസ്‌നിക്, ജിതിന്‍ പ്രസാദ, മുന് മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമായിരുന്ന ഭൂപേന്ദ്രസിങ് ഹൂഡ, രാജേന്ദര്‍ കൗര്‍ ഭട്ടല്‍, വിരപ്പ മൊയ്‌ലി, പൃഥ്വിരാജ് ചവാന്‍, പി.ജെ. കുര്യന്‍, അജയ് സിങ്, രേണുക ചൗധരി, മിലിന്ദ് ദേവ്‌റ, മുന്‍ പിസിസി അധ്യക്ഷന്മാരായ രാജ് ബബ്ബര്‍, അര്വിന്ദര്‍ സിങ് ലവ്‌ലി, കൗള്‍ സിങ് താക്കൂര്‍, ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള അഖിലേഷ് പ്രസാദ് സിങ്, മുന്‍ ഹരിയാന സ്പീക്കര്‍ കുല്‍ദീപ് ശര്‍മ, മുന്‍ ഡല്‍ഹി സ്പീക്കര്‍ യോഗനാഥ് ശാസ്ത്രി, മുന്‍ എംപിയായ സന്ദീപ് ദീക്ഷിത് എന്നിവരാണ് കത്തില്‍ ഒപ്പുവെച്ച പ്രമുഖര്‍.

Exit mobile version