രോഗമുക്തി നേടിയവരില്‍ വീണ്ടും കോവിഡ് വരുമോ?; തെളിവുകളില്ലെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്താകമാനം കോവിഡ് ബാധിക്കുകയാണ്, ലക്ഷക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. അതിനിടെ കോവിഡ് മുക്തി നേടിയവരില്‍ വീണ്ടും രോഗം വരുമോയെന്ന സംശയം ഉയര്‍ന്നിരുന്നു.

എന്നാല്‍ കോവിഡ് വീണ്ടും വരുമെന്നതു സ്ഥിരീകരിക്കാന്‍ പോന്ന തെളിവുകളില്ലെന്ന് വ്യക്തമാക്കുകയാണ് ആരോഗ്യമന്ത്രാലയം. രാജ്യത്തെ ചില സംസ്ഥാനങ്ങള്‍ കോവിഡ്മുക്തി നേടിയ ചിലരില്‍ വൈറസ് തിരിച്ചുവരുന്നുവെന്നു ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്(ഐസിഎംആര്‍) ഇത് അംഗീകരിച്ചിട്ടില്ല.

പകരം, ചിലരില്‍ കോവിഡ് അനന്തര രോഗലക്ഷണങ്ങള്‍ തുടരുന്നതാകാം എന്നാണ് നിഗമനം. ചിലരില്‍ വൈറസുകള്‍ കുറെ കാലത്തേക്കു ശേഷിക്കുന്നതുമാകാം. എന്നാല്‍, ഇവ ജീവനുള്ളതും രോഗവ്യാപന ശേഷിയുള്ളതുമായ വൈറസുകളാണെന്നു നിര്‍ദിഷ്ട ലാബില്‍ തെളിഞ്ഞാല്‍ മാത്രമേ കോവിഡ് തിരിച്ചുവന്നുവെന്ന് പറയാനാകൂ.

നിര്‍വീര്യമായ വൈറസുകളാണോ (ഇന്‍ആക്ടിവേറ്റഡ്) ശേഷിക്കുന്നതെന്നു പരിശോധിക്കപ്പെടേണ്ടതുതെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 68898 പേര്‍ക്കാണ്.

ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 2905824 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ ദിവസം 983 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 54849 ആയി ഉയര്‍ന്നു. നിലവില്‍ 692028 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 2158947 പേരാണ് രോഗമുക്തി നേടിയത്.

Exit mobile version