അതിശക്തമായ മഴ, റോഡുകള്‍ പുഴകളായി, ഗതാഗതക്കുരുക്ക്, ഗുരുഗ്രാം വാട്ടര്‍പാര്‍ക്കിലേക്ക് സ്വാഗതം എന്ന് നഗരവാസികള്‍

ന്യൂഡല്‍ഹി: അതിശക്തമായ മഴയില്‍ ഗുരുഗ്രാം നഗരത്തില്‍ വെള്ളം കയറി. പ്രധാനറോഡുകളും അടിപ്പാതകളിലും പാര്‍പ്പിട മേഖലയിലുമെല്ലാം വെളളക്കെട്ടുണ്ടായി. റോഡുകള്‍ പുഴകളായി മാറിയതോടെ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്.

കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിലായി പെയ്തത്. ഇതോടെ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറി. മില്ലേനിയം നഗരമായ ഗുരുഗ്രാം പൂര്‍ണമായും വെളളത്തില്‍ മുങ്ങി. പ്രധാനറോഡുകളും അടിപ്പാതകളിലും പാര്‍പ്പിട മേഖലയിലും വെളളക്കെട്ടുണ്ടായി.

വെളളത്തില്‍ മുങ്ങിയ റോഡുകളേയും വാഹനങ്ങളുടേയും ചിത്രങ്ങളും അടിപ്പാതകളിലൂടെ അതിശക്തമായി കുതിച്ചൊഴുകുന്നതിന്റെ വീഡിയോകളും നഗരവാസികള്‍ പങ്കുവെച്ചു. ഗുരുഗ്രാം വാട്ടര്‍പാര്‍ക്കിലേക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് പലരും വീഡിയോ പങ്കുവെച്ചിട്ടുളളത്.

ഗോള്‍ഫ് കോഴ്‌സ് റോഡിലെ അടിപ്പാതയില്‍ വെളളം നിറഞ്ഞു. സോഹ്ന ചൗക്ക്, സിക്കന്ദര്‍പുര്‍, ഹിമഗിരി ചൗക്ക്, ബിലാസ്പുര്‍ ചൗക്ക്, ഡല്‍ഹിയിലേക്കും ജയ്പുരിലേക്കുമുളള റോഡുകളിലും വെളളക്കെട്ടുണ്ടായി.

Exit mobile version