കോവിഡിനെ തോല്‍പ്പിച്ചു, ആശുപത്രിയില്‍ ആനന്ദനൃത്തം ചവിട്ടി എട്ടംഗകുടുംബം; ഡാന്‍സ് വീഡിയോ വൈറല്‍

ഭോപ്പാല്‍: കോവിഡിനെ തോല്‍പ്പിച്ച് മടങ്ങിയെത്തിയ സഹോദരിക്ക് അനിയത്തിയും നഴ്‌സായ ഭാര്യയ്ക്ക് ഭര്‍ത്താവും വന്‍ സ്വീകരണം നല്‍കിയ വാര്‍ത്തകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയ എട്ടംഗ കുടുംബം സന്തോഷസൂചകമായി ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

മധ്യപ്രദേശിലെ കട്‌നിയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. നടന്‍ സുശാന്ത് സിങ് രജ്പുത് അഭിനയിച്ച ചിച്ചോറിലെ ഗാനത്തൊടൊപ്പം കുട്ടികള്‍ അടക്കമുളള കുടുംബം നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ ഉളളത്. ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നുളള ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ 19 അംഗങ്ങളെയാണ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് എട്ടിനാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 15ന് പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്ന് എല്ലാവരെയും ഡിസ്ചാര്‍ജ് ചെയ്തു.

ഇതില്‍ സന്തോഷമറിയിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചും കൊണ്ടായിരുന്നു ആശുപത്രിയില്‍ കുടുംബത്തിന്റെ ഡാന്‍സ്. വീഡിയോ ഷെയര്‍ ചെയ്ത പലരും കോവിഡിനെ പൊരുതി തോല്‍പ്പിച്ച കുടുംബത്തെ അഭിനന്ദിച്ചു.

Exit mobile version