‘റിസര്‍വ് ബാങ്ക് ഓഫ് കൈലാസ’; സ്വന്തം രാജ്യമായ കൈലാസത്തില്‍ പുതിയ ബാങ്ക് സ്ഥാപിച്ച് നിത്യാനന്ദ

ബംഗളൂരു: സ്വന്തം രാജ്യമായ കൈലാസത്തില്‍ പുതിയ ബാങ്ക് സ്ഥാപിച്ചതായി ഇന്ത്യയില്‍നിന്ന് കടന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ. സാമൂഹികമാധ്യമങ്ങളിലൂടെയാണ് നിത്യാനന്ദ പുതിയ ബാങ്ക് സ്ഥാപിച്ച വിവരം അറിയിച്ചത്. ‘റിസര്‍വ് ബാങ്ക് ഓഫ് കൈലാസ’ എന്നാണ് ബാങ്കിന്റെ പേര്.

ഗണേശ ചതുര്‍ഥി ദിനത്തില്‍ പുതിയ കറന്‍സി പുറത്തിറക്കുമെന്നും ബാങ്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും നിത്യാനന്ദയുടെ വീഡിയോയില്‍ വ്യക്തമാക്കുന്നു. നാണയ വിനിമയം അടക്കം കൈലാസത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമപരമാണെന്നാണ് നിത്യാനന്ദയുടെ അവകാശവാദം.

പെണ്‍കുട്ടികളെ തടവില്‍പാര്‍പ്പിച്ച കേസില്‍ ഉള്‍പ്പെട്ടതോടെയാണ് നിത്യാനന്ദ ഇന്ത്യയില്‍നിന്ന് മുങ്ങിയത്. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം അവസാനത്തോടെ സ്വന്തം രാജ്യം സ്ഥാപിച്ചതായും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഇക്വഡോറിലെ ഒരു ദ്വീപിലാണ് നിത്യാനന്ദയുടെ രാജ്യമെന്ന് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.

എന്നാല്‍ നിത്യാനന്ദ തങ്ങളുടെ രാജ്യത്ത് ഇല്ലെന്നായിരുന്നു ഇക്വഡോറിന്റെ പ്രതികരണം. ഇതോടെ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ഒരു ദ്വീപാണ് നിത്യാനന്ദ കൈലാസമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Exit mobile version