കാണാതായ സഹോദരിമാര്‍ ആള്‍ദൈവം നിത്യാനന്ദയുടെ കൈലാസത്തില്‍, ചട്ണി മ്യൂസിക്കിലും കലാ-സാംസ്‌കാരിക പരിപാടികളിലും സജീവം

അഹമ്മദാബാദ്: വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ ആശ്രമത്തില്‍നിന്ന് കാണാതായ രണ്ട് സഹോദരിമാരെയും കണ്ടെത്തി. നിത്യാനന്ദയുടെ സ്വന്തം ‘രാജ്യ’മായ കൈലാസത്തിലുണ്ടെന്ന് ഗുജറാത്ത് പോലീസ് അറിയിച്ചു. പെണ്‍കുട്ടികളെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് പിതാവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.

കൈലാസത്തിലെ കലാ-സാംസ്‌കാരിക പരിപാടികളില്‍ ഇവര്‍ സജീവമാണെന്നും ചട്ണി മ്യൂസിക്കില്‍(ഇന്ത്യന്‍-കരീബിയന്‍ സമൂഹത്തില്‍ പ്രചാരത്തിലുള്ള ഒരു സംഗീതരൂപം) അടക്കം ഇവര്‍ പ്രാവീണ്യം നേടിയതായും ഗുജറാത്ത് പോലീസിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

സഹോദരിമാരില്‍ മൂത്തയാള്‍ കൈലാസത്തിലെ ഭരണപരമായ കാര്യങ്ങളിലടക്കം പ്രധാന പങ്കുവഹിക്കുന്നതായാണ് വിവരം. നിത്യാനന്ദയ്‌ക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കം ഇതുവരെ ഫലംകണ്ടിട്ടില്ല.

പെണ്‍കുട്ടികളെ ഇനി ഇന്ത്യയിലേക്ക് കൊണ്ടുവരാനും തടസങ്ങളുണ്ടെന്നും ഏത് രാജ്യത്തിന്റെ ഉടമ്പടി പ്രകാരമാണ് പെണ്‍കുട്ടികളെ ഇന്ത്യയിലേക്ക് കൈമാറേണ്ടതെന്ന് സംബന്ധിച്ച് ഇനിയും വ്യക്തതയില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ പറയുന്നതും അവരുടെ പിതാവ് നല്‍കിയ പരാതിയും തമ്മില്‍ ഏറെ പൊരുത്തക്കേടുകളുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തില്‍ നിന്നും 2015 മുതല്‍ പെണ്‍കുട്ടികളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് പോലീസില്‍ പരാതി നല്‍കിയത്.

2019 നവംബറില്‍ പിതാവ് ഗുജറാത്ത് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പിതാവിനെതിരേ പ്രതികരിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ നിത്യാനന്ദയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പിന്നീട് പുറത്തുവന്നു.

2019-ന്റെ അവസാനമാണ് ഇന്ത്യയില്‍നിന്ന് കടന്നുകളഞ്ഞ നിത്യാനന്ദ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയ്ക്ക് സമീപമുള്ള ഒരു ദ്വീപില്‍ കൈലാസം എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

Exit mobile version