ഏത് സമയത്തും സ്വാഗതം; രജനിയേയും കമലിനേയും പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ്

ചെന്നൈ: തമിഴ്‌നാട്ടിൽ ഇനിയും വേരുറപ്പിക്കാനാകാത്ത ബിജെപി ജനങ്ങൾക്ക് ഇടയിൽ സ്വാധീനമുണ്ടാക്കാൻ ശ്രമങ്ങൾ തുടരുന്നതിനിടെ സമാന പാത പിന്തുടർന്ന് തമിഴ്‌നാട് കോൺഗ്രസും. ബിജെപി പല സിനിമാതാരങ്ങളേയും പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇതിനെ വെല്ലുവിളിക്കാനായി കോൺഗ്രസും സമാനമായ പാതയെ തന്നെ ആശ്രയിക്കുകയാണ്. ബിജെപി പലതവണ ചാക്കിട്ട് പിടിക്കാൻ ശ്രമിച്ചിട്ടും പിടികൊടുക്കാത്ത സൂപ്പർതാരങ്ങളേയാണ് കോൺഗ്രസ് സ്വന്തം പാളയത്തിലെത്തിക്കാൻ ശ്രമിക്കുന്നത്.

ഇതിന്റെ ഭാഗമായി സ്വന്തം രാഷ്ട്രീയ പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് എന്ന ആശയത്തിൽ വിശ്വസിക്കുന്ന സൂപ്പർതാരങ്ങളായ രജനീകാന്തിനേയും കമൽഹാസനേയും പാർട്ടിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് കോൺഗ്രസ്.

രജനീകാന്തിനെയും കമൽഹാസനെയും കോൺഗ്രസിലേക്ക് ക്ഷണിച്ച് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെഎസ് അളഗിരിയാണ് രംഗത്തെത്തിയിരിക്കുന്നത്. സമാനമനസ്‌കരായ ഇരുവർക്കും ഏത് സമയത്തും പാർട്ടിയിലേക്ക് സ്വാഗതമെന്നാണ് അളഗിരി അഭിപ്രായപ്പെട്ടത്. ഇരുവരും കോൺഗ്രസ് ആശയങ്ങൾ അംഗീകരിക്കുന്നുവെങ്കിൽ ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മക്കൽ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് കമൽഹാസൻ. രജനീകാന്താകട്ടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സ്വന്തം പാർട്ടി പ്രഖ്യാപനം നടത്തിയിട്ടില്ല.

Exit mobile version