പിഎം കെയേഴ്‌സ് ഫണ്ട് സുതാര്യമാക്കാനാകില്ല; വിവരാവകാശ അപേക്ഷ നിരസിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡൽഹി: പിഎം കേയേഴ്‌സ് ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ സുരക്ഷയെ മുൻനിർത്തി സുതാര്യമാക്കാനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. പിഎം കെയേഴ്‌സ് ഫണ്ടിനെ സംബന്ധിച്ച വിവരങ്ങൾക്കായി സമർപ്പിച്ച വിവരാകാശ അപേക്ഷ നിഷേധിച്ചു കൊണ്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്.

2020 ഏപ്രിൽ മുതൽ ഓരോ മാസവും പ്രധാനമന്ത്രിയുടെ ഓഫീസിൽ ലഭിക്കുകയും തീർപ്പാക്കുകയും ചെയ്യുന്ന ആകെ വിവരാവകാശ അപേക്ഷകളും അപ്പീലുകളുടെയും എണ്ണവും കേന്ദ്ര ദുരിതാശ്വാസ നിധിയുടെയും പിഎം കെയേഴ്‌സ് ഫണ്ടിന്റെ വിവരങ്ങളും ലഭിക്കാൻ റിട്ടയർഡ് ഉദ്യോസ്ഥനായ ലോകേഷ് ബത്ര നൽകിയ അപേക്ഷയാണ് തള്ളിയത്.

അപേക്ഷയിലെ ചോദ്യങ്ങൾക്കുള്ള വിവരങ്ങൾ പൊതുവിൽ നൽകിയ ശേഷം ഫണ്ട് സംബന്ധിച്ച വിവരങ്ങൾ തള്ളിക്കളയുന്നുവെന്നാണ് മറുപടിയിൽ പറഞ്ഞത്. നിങ്ങൾ സമർപ്പിച്ച ചോദ്യങ്ങൾക്ക് വേണ്ടിയുള്ള വിവരങ്ങൾ ഈ ഓഫീസിൽ നിന്നും ലഭ്യമാക്കാൻ കഴിയില്ല. ആവശ്യപ്പെട്ട വിവരങ്ങളുടെ ശേഖരണവും സമാഹരണവും ഓഫീസില വിഭവങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനത്തിൽ തടസ്സങ്ങളുണ്ടാക്കും എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ മറുപടി.

അതേസമയം, ഈ നടപടി വിവരാവകാശ നിയമത്തിന്റെ ലംഘനമാണെന്ന വിമർശനം ഉയർന്നു കഴിഞ്ഞു. വിവരാവകാശ കമ്മീഷനും ഹൈക്കോടതിയും പുറപ്പെടുവിച്ച നിർദേശ പ്രകാരം വിവരാവകാശത്തിനായി സമർപ്പിക്കപ്പെട്ട അപേക്ഷയിലെ കാര്യങ്ങൾ തള്ളിക്കളയാൻ പാടില്ലെന്ന് കൃത്യമായി പറയുന്നുണ്ട്. അവയുടെ ഘടനയിൽ മാറ്റങ്ങൾ അനുവദനീയമാണെങ്കിലും ഏകപക്ഷീയമായി തള്ളിക്കളയാൻ പ്രധാനമന്ത്രിയുടെ ഓഫീസിന് അധികാരമില്ല.

ഇത് അധികാരത്തിന്റെ ദുരുപയോഗമാണെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇന്ത്യയുടെ ആദ്യ വിവരാവകാശ കമ്മീഷണറായ വജാഹത്ത് ഹബീബുള്ള നേരത്തേ പറഞ്ഞിരുന്നു.

Exit mobile version