സേവനമാണ് പരമമായ ധര്‍മമെന്ന മന്ത്രം ഉച്ചരിച്ചുകൊണ്ട് കോവിഡ് പോരാളികള്‍ ഇന്ന് രാജ്യത്തെ ജനങ്ങളെ സേവിക്കുന്നു;സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നമ്മളിന്ന് കടന്നുപോകുന്നത് കാഠിന്യമേറിയ സമയത്തില്‍ കൂടിയാണ്. സേവനമാണ് പരമമായ ധര്‍മമെന്ന മന്ത്രം ഉച്ചരിച്ചുകൊണ്ടാണ് കോവിഡ് പോരാളികള്‍ ഇന്ന് രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമനമന്ത്രി. ഇന്ന് ചെങ്കോട്ടയ്ക്ക് മുമ്പില്‍ കുട്ടികളെ കാണാന്‍ സാധിക്കുന്നില്ലെന്നും കൊറോണ എല്ലാം തടഞ്ഞിരിക്കുകയാണെന്നും മോഡി പറഞ്ഞു.

സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ ഓര്‍ക്കേണ്ട ദിനമാണിന്ന്. നമ്മുടെ സുരക്ഷിതത്വത്തിന് വേണ്ടി നിലകൊള്ളുന്ന സൈന്യത്തിനും അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും കൃതജ്ഞത അറിയിക്കേണ്ട ദിനവും കൂടിയാണ് ഇത്. കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ഇന്ത്യക്കാര്‍ സ്വാശ്രയത്വത്തിനുള്ള ദൃഢ നിശ്ചയം സ്വീകരിച്ചുവെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

ആത്മ നിര്‍ഭര്‍ ഭാരത് എന്നതാണ് ഇന്ന് ഇന്ത്യ ചിന്തിക്കുന്നത്. ഈ സ്വപ്നം ഇന്നൊരു പ്രതിജ്ഞയായി മാറുകയാണ്. 130 കോടിവരുന്ന ഇന്ത്യക്കാരുടെ മന്ത്രമായി മാറുകയാണ് ആത്മനിര്‍ഭര്‍ ഭാരതം. ആത്മമനിര്‍ഭര്‍ ഭാരതിന് ലക്ഷക്കണക്കിന് വെല്ലുവിളികളുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ലക്ഷക്കണക്കിന് വെല്ലുവിളികള്‍ ഉണ്ടെങ്കില്‍ കോടിക്കണക്കിന് പരിഹാരം നല്കുന്ന ശക്തിയും രാജ്യത്തിനുണ്ടെന്നും മോഡി വ്യക്തമാക്കി.

ഇന്ന് നിരവധി വലിയ കമ്പനികള്‍ ഇന്ത്യയിലേക്ക് ശ്രദ്ധതിരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുക എന്നതിനൊപ്പം ലോകത്തിന് വേണ്ടി നിര്‍മിക്കുക എന്ന മന്ത്രവുമായി നാം മുന്നോട്ടുപോകണം. കഴിഞ്ഞ വര്‍ഷം മാത്രം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 18 ശതമാനത്തിന്റെ വര്ധനവാണ് രാജ്യത്തുണ്ടായത്. ലോകം ഇന്ത്യയെ ആത്മവിശ്വാസത്തോടെയാണ് നോക്കികാണുന്നത്.

ലോകം ഇന്ന് ഇന്ത്യയേ ആണ് ഉറ്റ് നോക്കുന്നത്. ലോകത്തിന് വളര്‍ച്ചയുണ്ടാകണമെങ്കില്‍ ഇന്ത്യയും വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്. ലോകത്ത് എറ്റവുമധികം യുവജനങ്ങള്‍ ഉള്ള രാജ്യമാണ് ഇന്ന് ഇന്ത്യ. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നവരും പുതിയ ആശയത്തിന്റെ വക്താക്കളുമാണവരെന്നും മോഡി പറഞ്ഞു.

Exit mobile version