കോവിഡിനോട് മുന്നില്‍ നിന്ന് പൊരുതിയ എല്ലാ ആരോഗ്യപ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നു, സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി

ന്യൂഡല്‍ഹി: കോവിഡ് പോരാട്ടത്തിന് നേതൃത്വം നല്കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. കോവിഡിന് എതിരായ പോരാട്ടം നടത്തിയ എല്ലാ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ആരോഗ്യ പ്രവര്‍ത്തകരോടും മുന്നില്‍നിന്ന് പൊരുതിയ എല്ലാവരോടും രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.

കോവിഡ് മഹാമാരി ലോകം മുഴുവനുമുള്ള ജനജീവിതം തകിടംമറിച്ചിരിക്കുകയാണ്. തികച്ചും മാതൃകാപരമായ പ്രവര്‍ത്തനമാണ് ആരോഗ്യപ്രവര്‍ത്തകര്‍ കാഴ്ചവച്ചത്. കൊറോണ യോദ്ധാക്കളെ അഭിനന്ദിച്ചാല്‍ അത് കുറഞ്ഞുപോകുമെന്നും ചെയ്യാന്‍ കഴിയുന്നതിനും അപ്പുറത്തുള്ള പ്രവര്‍ത്തനമാണ് അവര്‍ നടത്തിയതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

ഇത്തവണ നാം വ്യത്യസ്ത രീതിയിലാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. മാരകമായ വൈറസ് മനുഷ്യജീവന് ഭീഷണി ഉയര്ത്തുകയും എല്ലാതരത്തിലുള്ള പ്രവര്‍ത്തനങ്ങളും തടസപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണിത്. ലോകത്തെ പിടിച്ചുലച്ച മഹാമാരിയുടെ വ്യാപനത്തെ നിയന്ത്രിക്കാന്‍ നമുക്ക് കഴിഞ്ഞുവെന്നും നിരവധി മനുഷ്യ ജീവനുകള്‍ സംരക്ഷിക്കുന്നതില്‍ നാം വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വിശാലവും ജനസാന്ദ്രത ഏറിയതും വ്യത്യസ്ത സാഹചര്യങ്ങള്‍ നിലനില്ക്കുന്നതുമായ നമ്മുടെ രാജ്യത്ത് വെല്ലുവിളിയെ നേരിടാന്‍ കഴിഞ്ഞത് അസാധാരണമായ പരിശ്രമത്തിലൂടെയാണ്. പ്രാദേശിക സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞു. ജനങ്ങള്‍ അതിനെല്ലാം പൂര്‍ണ പിന്തുണ നല്കി. ലോകത്ത് എവിടെയുമുള്ള ഇന്ത്യക്കാരെ സഹായിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version