ഇത് യുഎസ് സുപ്രീം കോടതിയല്ല; യുവർ ഓണർ വിളി വേണ്ട: അഭിഭാഷകനോട് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: കോടതി മുറികളിലെ കോളോണിയൽ കീഴ്‌വഴക്കങ്ങൾ ഓരോന്നായി അവസാനിക്കുന്നു. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നടന്ന ഒരു വാദത്തിനിടെ യെസ് യുവർ ഓണർ എന്ന പരാമർശത്തെ ചോദ്യം ചെയ്ത് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ തന്നെ രംഗത്തെത്തി.

വാദത്തിനിടെ ചീഫ് ജസ്റ്റിസിനോട് യുവർ ഓണർ എന്ന് സംബോധന ചെയ്ത അഭിഭാഷകനോടാണ് കോടതിയുടെ ഈ പരാമർശം. നിങ്ങൾ യുഎസ് സുപ്രീം കോടതിയിലാണോ നിൽക്കുന്നത്? യുവർ ഓണർ എന്ന സംബോധന അമേരിക്കൻ കോടതികളിലാണ്. ഇന്ത്യൻ വ്യവസ്ഥയിൽ അങ്ങനെ സംബോധന ചെയ്യണമെന്ന് പറഞ്ഞിട്ടില്ല.

നിലവിലെ എഴുതപ്പെട്ട നിയമാവലിയിൽ പെട്ടതല്ല ഈ പ്രയോഗം. കാലങ്ങളായി കോടതികളിൽ ഉപയോഗിച്ച് വരുന്നുവെന്ന് മാത്രം. സാധാരണയായി ഇന്ത്യയിൽ ബഹുമാനപൂർവ്വം ആൾക്കാരെ സംബോധന ചെയ്യാനുപയോഗിക്കുന്ന വാക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാന്യമായ രീതിയിൽ ഒരു ജഡ്ജിനെ അഭിസംബോധന ചെയ്താൽ മതിയാകുമെന്നാണ് ബോബ്‌ഡേ പറഞ്ഞത്. സർ എന്ന് വിളിക്കുന്നതാണ് ഉത്തമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുമ്പും കോളനി വാഴ്ചയുടെ ബാക്കിപത്രമായ ഇത്തരം പ്രയോഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരവധിപേർ പരാതികൾ നൽകിയിട്ടുണ്ട്. അഭിഭാഷകരുടെ നീളൻ കോട്ടുകൾക്കും ഈയടുത്ത് അവസാനമായിരുന്നു.

Exit mobile version