കൊവിഡ് ലക്ഷണങ്ങൾ കാണിച്ച കുടിയേറ്റ തൊഴിലാളിയെ ആശുപത്രിയിലെത്തിക്കാൻ വാഹനമില്ല; പിപിഇ കിറ്റ് ധരിച്ച് ബൈക്കിൽ ആശുപത്രിയിലെത്തിച്ച് യുവനേതാവ്

കൊൽക്കത്ത: കൊവിഡ് ലക്ഷണങ്ങളുള്ളയാളെ ആംബുലൻസ് ലഭ്യമാകാത്തതിനെ തുടർന്ന് ബൈക്കിൽ പിപിഇ കിറ്റ് ധരിച്ച് ആശുപത്രിയിൽ എത്തിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ്. പശ്ചിമബംഗാളിലെ ഗോപിബല്ലവ്പൂരിലെ ടിഎംസിയുടെ യുവജന വിഭാഗം പ്രസിഡന്റ് സത്യകം പട്‌നായിക്കാണ് അമൽ ബാരിക്ക് എന്ന തൊഴിലാളിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചത്.

കുടിയേറ്റ തൊഴിലാളിയായ അമലിന് കഴിഞ്ഞ ആറ് ദിവസമായി കടുത്ത പനി ഉണ്ടായിരുന്നുവെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസോ മറ്റ് വാഹനമോ ലഭിച്ചില്ല. കൊവിഡ് ബാധിച്ചതായി സംശയിച്ച് കുടുംബത്തെ സഹായിക്കാൻ ആരും മുന്നോട്ട് വന്നില്ലെന്നും ആരോപണമുണ്ട്.

അതേസമയം, ഇക്കാര്യം സത്യകം ഒരു ബൈക്ക് ഏർപ്പാടാക്കി പിപിഇ കിറ്റും വാങ്ങിച്ച് അമലിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അമലിന്റെ ഭാര്യയും രണ്ട് മക്കളും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ അസ്വസ്ഥരായിരുന്നുവെന്നു പട്‌നായിക് പറയുന്നു. ബൈക്കിൽ ഗോപിബല്ലവ്പൂർ സൂപ്പർസ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കാണ് അമലിനെ കൊണ്ടുപോയത്. അവിടത്തെ ഡോക്ടർമാർ അയാളെ പരിശോധിക്കുകയും വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

പട്‌നായിക്, പിപിഇ ധരിച്ച് ബൈക്ക് ഓടിക്കുന്നതും അമലിനെ ആശുപത്രിയിൽ എത്തിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Exit mobile version