ഒരു വർഷത്തെ നിയന്ത്രണത്തിന് ഒടുവിൽ കാശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചേക്കും; നീക്കവുമായി കേന്ദ്രം

ന്യൂഡൽഹി: കാശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം വൈകാതെ പുനഃസ്ഥാപിച്ചേക്കും. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ജമ്മുവിലെയും കാശ്മീരിലെയും ഓരോ ജില്ലകളിൽ ഓഗസ്റ്റ് 15ന് ശേഷം 4ജി ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്താൻ നീക്കം നടത്തുകയാണ് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ അറിയിച്ചതാണ് ഇക്കാര്യം. ജമ്മു കാശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി വിശദീകരണം ആരാഞ്ഞിരുന്നു.

നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും സമീപമുള്ള ഒരു പ്രദേശത്തും 4ജി ഇന്റർനെറ്റ് അനുവദിക്കില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. ഭീകരവാദ പ്രവർത്തനങ്ങൾ ഏറ്റവും കുറവുള്ള പ്രദേശങ്ങളിലാകും ഈ സൗകര്യങ്ങൾ ആദ്യം എത്തിക്കുകയെന്നും കേന്ദ്രം പറയുന്നു. രണ്ട് മാസത്തെ നിരീക്ഷണത്തിന് ശേഷം സാഹചര്യങ്ങൾ പരിശോധിച്ചതിന് ശേഷമാകും തുടർനടപടികൾ ഉണ്ടാകുക.

കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെകെ വേണുഗോപാലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിന് പിന്നാലെയാണ് ഇവിടെ 4ജി ഇന്റർനെറ്റ് വിഛേദിച്ചത്.

Exit mobile version