നിധിയുണ്ടാകുമെന്ന് വിശ്വസിച്ച് 600 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ കുഴിച്ചു, കരിങ്കല്‍ത്തൂണുവീണ് യുവാവ് മരിച്ചു

ബെംഗളൂരു: നിധി കിട്ടുമെന്ന് വിചാരിച്ച് 600 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ കുഴിച്ച യുവാവ് കരിങ്കല്‍ത്തൂണുവീണ് മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹൊസ്‌കോട്ട ഹിന്‍ഡിഗാനല ഗ്രാമത്തിലെ സരോവര ആഞ്ജനേയസ്വാമി ക്ഷേത്രത്തിലാണ് സംഭവം.

വ്യാഴാഴ്ച രാത്രി മൂന്നുമണിയോടെയാണ് അപകടം സംഭവിച്ചത്. പ്രദേശവാസിയായ സുരേഷ് (23) ആണ് മരിച്ചത്. ഇയാളുടെ കൂട്ടാളികളായ ശ്രീനിവാസ്, മഞ്ജുനാഥ്, സെബാസ്റ്റ്യന്‍രാജരത്‌ന എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രമായതിനാല്‍ ക്ഷേത്രത്തിന്റെ തറയ്ക്കുതാഴെ നിധിയുണ്ടെന്ന് കാലങ്ങളായി ഗ്രാമവാസികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു.

ഇത് വിശ്വസിച്ചാണ് യുവാക്കള്‍ ക്ഷേത്രത്തില്‍ കുഴിയെടുത്തത്. വ്യാഴാഴ്ച രാത്രി 11-നും പുലര്‍ച്ചെ മൂന്നിനുമിടയിലാണ് യുവാക്കളുടെ 9 അംഗസംഘം ക്ഷേത്രത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. കുഴിയെടുക്കുന്നതിനിടെ അടിത്തറയിളകി തൂണുകളും കല്‍പ്പാളികളും താഴേക്ക് പതിക്കുകയായിരുന്നു. ഒമ്പതംഗസംഘം ഏറെക്കാലമായി നിധിവേട്ട ലക്ഷ്യമിട്ട് പ്രദേശം നിരീക്ഷിച്ചുവരുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.

അപകടം നടന്നതോടെ ആംബുലന്‍സ് വിളിച്ചശേഷം മറ്റുള്ള അഞ്ചുപേര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ എത്തിയപ്പോഴാണ് തകര്‍ന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ യുവാക്കള്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. സുരേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

മുസരി വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രമാണിത്. നിധിയുണ്ടെന്ന് വിശ്വസിച്ച് മൂന്നുമാസംമുമ്പ് ഇതേക്ഷേത്രത്തില്‍ കുഴിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ചില വിഗ്രഹങ്ങള്‍ മോഷണംപോകുകയും ചെയ്തു.

Exit mobile version