കൊവിഡ് ലക്ഷണങ്ങൾ മൂർച്ഛിച്ചു; ആദ്യത്തെ രണ്ട് പരിശോധനയിലും നെഗറ്റീവ്;പോസിറ്റീവ് ഫലം കാണിച്ചത് മൂന്നാമത്തെ ടെസ്റ്റിൽ; ഒടുവിൽ പോലീസ് ഉദ്യോഗസ്ഥന് മരണം

ലഖ്‌നൗ: കടുത്ത കൊവിഡ് ലക്ഷണങ്ങൾ കാണിച്ചിട്ടും ആദ്യത്തെ രണ്ട് പരിശോധനാഫലവും നെഗറ്റീവായ പോലീസുദ്യോഗസ്ഥൻ മരിച്ചു. മൂന്നാമതും നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവെന്നായിരുന്നു ഫലം. ഇതിന് പിന്നാലെയാണ് അസുഖം മൂർച്ഛിച്ച് ഉത്തർപ്രദേശിലെ ഉന്നാവോ സ്വദേശിയായ ഇൻസ്‌പെക്ടർ ഇന്ദ്രജിത്ത് സിങ് ഭദൗരിയ(47) മരിച്ചത്.

1989ൽ കോൺസ്റ്റബിളായി സർവീസിൽ പ്രവേശിച്ച ഇന്ദ്രജിത്തിന് 2013ൽ സബ് ഇൻസ്‌പെക്ടറായി പ്രമോഷൻ ലഭിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിന് വീണ്ടും പ്രമോഷൻ ലഭിക്കുന്നത്. ഷാജഹാൻപുരിലായിരുന്നു നിയമനം. ഇതിന് മുന്നോടിയായി മീററ്റിലുളള പോലീസ് പരിശീലന കേന്ദ്രത്തിലെത്തിയിരുന്നു. ഇവിടെ നിന്ന ഷാജഹാൻപുരിലേക്ക് മടങ്ങുന്നതിനിടയിലാണ് ചുമയും മൂക്കൊലിപ്പും അനുഭവപ്പെട്ടത്.

കൊവിഡ് ലക്ഷണങ്ങളായതുകൊണ്ടു തന്നെ ജൂലായ് 23നും ജൂലായ് 31നും ഇടയിൽ രണ്ടു തവണ ഇദ്ദേഹത്തെ കൊവിഡ് 19 പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ ഈ രണ്ടു ഫലങ്ങളും നെഗറ്റീവായിരുന്നു. തുടർന്നുളള ആഴ്ചകളിൽ അസുഖം മൂർച്ഛിക്കുകയും ചെയ്തു. ആദ്യം റാപ്പിഡ് ആന്റിജൻ ടെസ്റ്റും പിന്നീട് ആർടിപിസിആർ ടെസ്റ്റുമാണ് നടത്തിയതെന്ന് ഷാജഹാൻപുർ എസ്പി അറിയിച്ചു.

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്ദ്രജിത്ത് ഓഗസ്റ്റ് അഞ്ചിനാണ് മരിക്കുന്നത്. ഇദ്ദേഹത്തിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. അതേസമയം, യുപിയിലെ കൊവിഡ് 19 ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1900 പേരാണ് അസുഖത്തെ തുടർന്ന് ഇവിടെ മരിച്ചത്. നിലവിൽ 43,000 പേർ ചികിത്സയിലാണ്.

Exit mobile version