ദേശീയ കൈത്തറി ദിനത്തില്‍ സ്മൃതി ഇറാനിയുടെ ആഹ്വാനം ഏറ്റെടുത്ത് ബോളിവുഡ് താരസുന്ദരിമാര്‍

ദേശീയ കൈത്തറി ദിനത്തില്‍ സ്മൃതി ഇറാനിയുടെ ആഹ്വാനം ഏറ്റെടുത്ത് ബോളിവുഡ് താരസുന്ദരിമാര്‍. ദേശീയ കൈത്തറി ദിനമായ ഇന്ന് കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രിയായ സ്മൃതി ഇറാനി ഹാന്‍ഡ്‌ലൂം സാരിയും മാസ്‌കും ധരിച്ചാണ് ആഘോഷിച്ചത്. ഒപ്പം ഏറ്റവും ഇഷ്ടപ്പെട്ട കൈത്തറി വസ്ത്രത്തിന്റെ ഫോട്ടോ പങ്കുവെയ്ക്കാനും മന്ത്രി സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു.


‘കൈത്തറിക്ക് നമ്മുടെ ദൈനംദിന ജീവിതത്തെയും ചുറ്റുപാടുകളെയും പല തരത്തില്‍ സമ്പന്നമാക്കാന്‍ കഴിയും. വസ്ത്രങ്ങളും മാസ്‌കുകളും മുതല്‍ അലങ്കാരങ്ങള്‍ വരെ. കൈകൊണ്ട് നിര്‍മ്മിച്ചവയെ വീട്ടില്‍ കൊണ്ടുവരാം. ഇന്ത്യയുടെ പാരമ്പര്യം ആഘോഷിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു, നിങ്ങളോ? നെയ്ത്തുകാര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൈത്തറി വസ്ത്രത്തിന്റെ ഒരു ഫോട്ടോ പങ്കുവെയ്ക്കൂ’ എന്നാണ് സ്മൃതി ഇറാനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഇതിനു പിന്നാലെ കൈത്തറി വസ്ത്രം ധരിച്ചുനില്‍ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ബോളിവുഡ് താരറാണിമാരായ പ്രിയങ്ക ചോപ്ര, വിദ്യാബാലന്‍, കങ്കണ റണാവത്ത്, ജാന്‍വി കപൂര്‍ തുടങ്ങിയവര്‍ രംഗത്ത് എത്തി.


ഇന്ത്യന്‍ കൈത്തറി ഏറെ സവിശേഷവും വൈദഗ്ധ്യം നിറഞ്ഞതാണെന്നും നമ്മുടെ നെയ്ത്തുകാര്‍ക്കും കരകൗശല കലാകാരന്മാര്‍ക്കും പിന്തുണ നല്‍കാമെന്നുമാണ് ചിത്രം പങ്കുവെച്ച് കൊണ്ട് പ്രിയങ്ക ചോപ്ര കുറിച്ചത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ കൈത്തറി വസ്ത്രങ്ങള്‍ വാങ്ങി ധരിച്ച് നമുക്ക് നെയ്ത്ത് തൊഴിലാളികളോടുള്ള പിന്തുണ പ്രഖ്യാപിക്കാം. ഇന്ത്യയുടെ കൈത്തറി പാരമ്പര്യം നിലനിര്‍ത്താമെന്നാണ് വിദ്യാ ബാലന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Exit mobile version