ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം; കേരളത്തിനോട് സുപ്രീംകോടതി; കെട്ടികിടക്കുന്നത് 312 കേസുകള്‍

ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന് കേരളത്തിനോടും ബിഹാറിനോടും സുപ്രീംകോടതിയുടെ നിര്‍ദേശം. രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം തടയണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി.

ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതികള്‍ക്ക് പുറമെ സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികള്‍ക്കും വിചാരണ നടപടികള്‍ക്ക് സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്.

ജീവപര്യന്തം ശിക്ഷയുള്ള കേസുകള്‍ ആദ്യം പരിഗണിക്കണം. കോടതികള്‍ കേസുകളില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കണം. വാദം കേട്ട കോടതികള്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. ഹൈക്കോടതി അത് സുപ്രീം കോടതിക്കും നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേസുകളിലെ ആദ്യ പുരോഗതി റിപ്പോര്‍ട്ട് ഡിസംബര്‍ 14ന് കോടതി പരിഗണിക്കും

കേരളത്തില്‍ ജനപ്രതിനിധികള്‍ പ്രതികളായ 312 കേസുകളും ബിഹാറില്‍ 304 കേസുകളും വര്‍ഷങ്ങളായി കെട്ടികിടക്കുകയാണെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി വിജയ് ഹന്‍സാരിയ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനുപുറമെ രാഷ്ട്രീയപ്രവര്‍ത്തകര്‍ പ്രതികളായ കേസുകളും തീര്‍പ്പാകാതെ കെട്ടികിടക്കുന്നു. ഇതേതുടര്‍ന്നാണ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ രണ്ടുസംസ്ഥാനങ്ങള്‍ക്കും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയത്

രാജ്യത്തെ കോടതികളില്‍ ജനപ്രതിനിധികള്‍ പ്രതികളായ 4122 ക്രിമിനല്‍ കേസുകള്‍ കെട്ടികിടക്കുന്നുവെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുനൂറ്റിയറുപത്തിനാല് കേസുകളില്‍ വിചാരണ സ്റ്റേ ചെയ്തിരിക്കുകയാണെന്നും വ്യക്തമാക്കി.

Exit mobile version