‘അഖ്‌ലാക്ക് കേസ് അന്വേഷിച്ചതിനാണ് സുബോധ് കുമാറിനെ വധിച്ചത്; മുഖ്യമന്ത്രി യോഗി പശു, പശു എന്ന് ഉരുവിട്ടുകൊണ്ടേയിരിക്കുകയാണ്’; പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സഹോദരി

ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ സുബോധ് കുമാര്‍ സിംഗ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചനയെന്ന ആരോപണവുമായി സഹോദരി.

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോവധമാരോപിച്ച് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ സുബോധ് കുമാര്‍ സിംഗ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചനയെന്ന ആരോപണവുമായി സഹോദരി രംഗത്ത്.

ബീഫ് കൈവശംവെച്ചെന്നാരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ അടിച്ചുകൊന്ന മുഹമ്മദ് അഖ്ലാഖിന്റെ കൊലപാതകം അന്വേഷിക്കുന്നതുകൊണ്ടാണ് തന്റെ സഹോദരന്‍ കൊല്ലപ്പെട്ടതെന്നാണ് സുബോധിന്റെ സഹോദരി ആരോപിക്കുന്നത്.

‘എന്റെ സഹോദരന്‍ അഖ്ലാഖ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അക്കാരണം കൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇത് പൊലീസിന്റെ ഗൂഢാലോചനയാണ്. അദ്ദേഹത്തെ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയും സ്മാരകം നിര്‍മ്മിക്കുകയും വേണം. ഞങ്ങള്‍ക്ക് പണം വേണ്ട. മുഖ്യമന്ത്രി പശു, പശു പശു എന്ന് പറഞ്ഞുകൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്.’ സുബോധിന്റെ സഹോദരി പറഞ്ഞതായി എ.എന്‍.ഐ ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

അഖ്ലാഖ് കേസ് അന്വേഷിച്ചത് സുബോധാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ലാബിലേക്ക് അഖ്ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാംസത്തിന്റെ സാമ്പിളുകള്‍ എത്തിച്ചതും സുബോധായിരുന്നു. പിന്നീട് കേസ് പാതിവഴിയില്‍ നില്‍ക്കെ സുബോധ് കുമാറിനെ വാരാണസിയിലേക്ക് മാറ്റുകയായിരുന്നു.

സുബോധ് കുമാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കല്ലേറില്‍ പരിക്കേറ്റ സുബോധ് കുമാറിനെ വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പിന്തുടര്‍ന്നെത്തിയ സംഘം വധിക്കുകയായിരുന്നു. സുബോധിന്റെ ഇടത് പുരികത്തിന് സമീപം വെടിയേറ്റിട്ടുണ്ടെന്നും വെടിയുണ്ട തലയോട്ടിയ്ക്ക് മാരകമായ ക്ഷതമേല്‍പ്പിച്ചുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ദാദ്രിയിലെ അഖ്ലാഖ് കൊലപാതകക്കേസില്‍ ആദ്യ അന്വേഷണം നടത്തിയത് സുബോധായിരുന്നുവെന്ന് എഡിജിപി അനന്ത് കുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടാണ് നല്‍കിയത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഗോവധമാരോപിച്ച് യുപിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. പോലീസ് സ്റ്റേഷനുനേരെ വ്യാപകമായ രീതിയില്‍ അക്രമിസംഘം കല്ലെറിയുകയായിരുന്നു. വനത്തിനുസമീപമുള്ള ഗ്രാമത്തില്‍ 25 ഓളം കന്നുകാലികളുടെ ശവശരീരം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബജ്‌റംഗ്ദള്‍ ഉള്‍പ്പടെയുള്ള തീവ്രവലത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Exit mobile version