ദിഷ സാലിയന്റെ കേസിൽ നിർണായക വഴിത്തിരിവ്

മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തോടെ വീണ്ടും ചർച്ചയായ നടന്റെ മുൻമാനേജർ കൂടിയായ ദിഷ സാലിയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. ദിഷ സാലിയന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വീഴ്ച്ചയിൽ തലയ്‌ക്കേറ്റ പരിക്കുകൾ കൂടാതെ ശരീരത്തിൽ ചില അസ്വാഭാവിക പരിക്കുകളും കൂടി കണ്ടെത്തിയതായി ഡോക്ടർമാർ പറയുന്നു. ജൂൺ 9ന് മുംബൈയിലെ തന്റെ പ്രതിശ്രുതവരന്റെ ഫ്‌ലാറ്റിലെ 14ാം നിലയിൽ നിന്നു താഴേക്കു ചാടിയാണ് ദിഷ ആത്മഹത്യ ചെയ്തത്.

ജൂൺ 11നാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. പോസ്റ്റ്‌മോർട്ടം വൈകിയതും ഏറെ വിവാദമായിരുന്നു. കെട്ടിടത്തിന്റെ 14ാം നിലയിൽ നിന്നുള്ള വീഴ്ച്ചയിൽ ദിഷയുടെ തലയ്ക്ക് സംഭവിച്ച സാരമായ പരിക്കുകൾ കൂടാതെ ചില അസ്വാഭാവിക പരിക്കുകളുമുണ്ടായിരുന്നുവെന്നാണ് ഓട്ടോപ്‌സി റിപ്പോർട്ടിൽ പറയുന്നത്.

നേരത്തെ, ദിഷയുടെ ഓട്ടോപ്‌സി റിപ്പോർട്ടിൽ സ്വകാര്യഭാഗങ്ങളിൽ പരിക്കുകളുണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നതായി ബിജെപി എം പി നാരായൺ റാണെ ആരോപിച്ചിരുന്നു. പക്ഷെ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അത്തരം പരിക്കുകൾ രേഖപ്പെടുത്തിയിട്ടില്ല. മരണത്തിനു മുമ്പ് ദിഷ സാലിയൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് ബിജെപി എംപിയുടെ ആരോപണം. ഇത് വിവാദമായതോടെ ദിഷയുടെ പിതാവ് സതീഷ് സാലിയൻ മുംബൈ പോലീസിൽ പരാതിയും നൽകിയിരുന്നു.

തന്റെ മകൾ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചവയാണെന്നും അതിന്റെ പേരിൽ ചില മാധ്യമങ്ങൾ തന്നെയും തന്റെ കുടുംബത്തെയും നിരന്തരം വേട്ടയാടി കൊണ്ടിരിക്കുകയാണെന്നും ആയിരുന്നു ദിഷയുടെ പിതാവ് നൽകിയ പരാതി. ദിഷ മരണപ്പെട്ട് അഞ്ചു ദിവസങ്ങൾക്കുള്ളിലാണ് സുശാന്തിന്റെയും മരണം. സുശാന്തിന്റെ മരണവും ദിഷയുടെ മരണവും തമ്മിൽ ബന്ധമുണ്ടെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ദിഷയുടെ മരണത്തിൽ സുശാന്തിന് പങ്കുണ്ടെന്ന തരത്തിലുള്ള വാദങ്ങൾ തന്നെ അസ്വസ്ഥനാക്കുന്നുവെന്ന് മരിക്കുന്നതിന് മുമ്പ് സുശാന്ത് തന്റെ വക്കീലിനെ അറിയിച്ചിരുന്നു.

Exit mobile version