മുംബൈ നഗരത്തിൽ നാശം വിതച്ച് കനത്ത കാറ്റും മഴയും; കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നു; മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു; കീഴ്‌മേൽ മറിഞ്ഞ് കാറുകൾ

മുംബൈ: മുംബൈ നഗരത്തേയും പ്രദേശങ്ങളേയും ദുരിതത്തിലാക്കി കനത്തമഴയും കാറ്റും രണ്ടുദിവസമായി തുടരുന്നു. നിർത്താതെ പെയ്യുന്ന കനത്തമഴയ്ക്കിടെ ജനങ്ങളെ ദുരിതത്തിലാക്കി ശക്തമായ കാറ്റുമെത്തിയതോടെ സർക്കാർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രകൃതിക്ഷോഭം കണക്കിലെടുത്ത് ജനങ്ങളോട് വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെയും സിറ്റി പോലീസും നിർദേശിച്ചു.

മുംബൈയിലെ കൊളാബയിൽ മണിക്കൂറിൽ 106 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റിൽ കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നുവീണു. നിരവധി മരങ്ങൾ റോഡിലേക്ക് കടപുഴകി വീണു. 60.70 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റ് അഞ്ചുമണിയോടെ 107 കിലോമീറ്റർ വേഗത കൈവരിക്കുകയായിരുന്നു. അടുത്തിടെ മുംബൈ അഭിമുഖീകരിച്ച നസർഗ ചുഴലിക്കാറ്റിനേക്കാൾ തീവ്രതയോടെയാണ് കാറ്റുവീശിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ കാറ്റിന്റെ വേഗതയിൽ റോഡിൽ നിർത്തിയിട്ടിരുന്ന കാറുകൾ കീഴ്‌മേൽ മറിയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. അതേസമയം, കനത്തമഴ ഇന്നുരാത്രി കൂടി തുടരുമെന്നാണ് കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ പുലർച്ചയോടെ മഴകുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. കനത്തമഴയെയും വെള്ളക്കെട്ടിനെയും തുടർന്ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് മുതൽ വാഷി വരേയും താനെയിലേക്കുളള പ്രധാനപാതകളിലും ട്രെയിൻ സർവീസ് താല്കാലികമായി നിർത്തിവെച്ചതായി റെയിൽവേ ട്വീറ്റ് ചെയ്തു.

Exit mobile version