ശ്രീരാമന്‍ നീതിയുടെയും ന്യായത്തിന്റെയും പ്രതീകം, ഈ കെട്ടകാലത്ത് ആവശ്യം ഇത്തരം മൂല്യങ്ങള്‍, ഇന്ത്യയിലാകമാനം ഈ മൂല്യങ്ങള്‍ പകര്‍ന്നാല്‍ മതഭ്രാന്തിന് സ്ഥാനം ഉണ്ടാകില്ല; ശശി തരൂര്‍

തിരുവനന്തപുരം: ശ്രീരാമന്‍ നീതിയുടെയും ന്യായത്തിന്റെയും ധാര്‍മ്മിക ധൈര്യത്തിന്റെയും പ്രതീകമാണെന്ന് ശശി തരൂര്‍ എംപി. ഈ കെട്ടകാലത്ത് ആവശ്യം ഇത്തരം മൂല്യങ്ങളാണെന്നും ശശി തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയിലാകമാനം ഈ മൂല്യങ്ങള്‍ പകര്‍ന്നാല്‍ മതഭ്രാന്തിന് സ്ഥാനം ഉണ്ടാകില്ലെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്തുകൊണ്ട് നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ഇതിനോടകം രംഗത്തെത്തിയത്.

സൗഹൃദവും സാഹോദര്യവും ഉറപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ ആഘോഷമാണ് ഭൂമി പൂജയെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. രാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താല്‍ ഭൂമി പൂജ ചടങ്ങ് ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക ഒത്തുചേരലിന്റേയും അടിത്തറയായി മാറട്ടെയെന്നും അവര്‍ കുറിച്ചു.

ഭഗവാന്‍ ശ്രീരാമന് ഐക്യവും സൗഹാര്‍ദ്ദവുമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. രാമന് അന്തസ്സും മനുഷ്യത്വവുമാണ്. ധൈര്യവും സംയമനവുമാണ്. ബലഹീനര്‍ക്ക് ശക്തിയാണ്. രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും പ്രതീക്ഷിക്കുന്ന പ്രസ്താവനയാണ് പ്രിയങ്കാഗാന്ധി നടത്തിയതെന്നും സുര്‍ജേവാല അഭിപ്രായപ്പെട്ടു.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഇന്ന് ഔപചാരിക തുടക്കംകുറിക്കും. ഇന്ന് നടക്കുന്ന ഭൂമി പൂജ ചടങ്ങില്‍ പ്രധാനമന്ത്രിയടക്കം 175 പേരാണ് നേര്‍സാക്ഷ്യം വഹിക്കുക. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാകും ഭൂമിപൂജ ചടങ്ങ് നടക്കുകയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഭൂമിപൂജ. ശേഷം വെള്ളിയില്‍ തീര്‍ത്ത ശില പാകി പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിലാസ്ഥാപനം നിര്‍വഹിക്കും. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിനുപയോഗിക്കുന്നത്. ശിലാപൂജയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്ഷേത്രഭൂമിയില്‍ പാരിജാതത്തൈ നടും.

Exit mobile version