രാമക്ഷേത്ര ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും വഴിവയ്ക്കും: പൂർണ്ണ പിന്തുണയും ആശംസയും അറിയിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: വീണ്ടും അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് പൂർണ്ണ പിന്തുണയുമായി കോൺഗ്രസ് നേതൃത്വം. രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ആശംസയുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് രംഗത്തെത്തിയത്. ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരികമായ ഒത്തുചേരലിനും വഴിവയ്ക്കുമെന്ന് പ്രിയങ്ക പ്രതികരിച്ചു. ഇന്ത്യൻ സംസ്‌കാരത്തിൽ ശ്രീരാമന്റെയും സീതയുടെയും രാമായണത്തിന്റെയും ആഴമേറിയതും മായാത്തതുമായ അടയാളങ്ങൾ ഉണ്ടെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനു മുമ്പുള്ള ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ നിർവ്വഹിക്കും. ഉച്ചയ്ക്ക് 12.30നും 12.40നും ഇടയിൽ 40 കിലോ വെള്ളി ശില പാകി ക്ഷേത്ര നിർമ്മാണത്തിന് തുടക്കമിടും. ചടങ്ങിനുശേഷം പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമജന്മഭൂമി ന്യാസ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തും. 175 പേർക്കാണ് ക്ഷണമുള്ളത്. അജ്ഞാത മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ നടത്തുന്ന മുഹമ്മദ് യൂനുസിനെയും അയോധ്യ കേസിൽ മുസ്‌ലിം വിഭാഗത്തിൽനിന്ന് കക്ഷി ചേർന്ന ഇഖ്ബാൽ അൻസാരിയെയും ഭൂമി പൂജയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അഡ്വാനിയും മുരളി മനോഹർ ജോഷിയും വിഡിയോ കോൺഫറൻസ് വഴി ചടങ്ങിൽ പങ്കെടുക്കും. ആഘോഷങ്ങളുടെ മുന്നോടിയായി അയോധ്യ നഗരം ഇന്ന് വൈകിട്ട് ദീപാലംകൃതമാകും. കേന്ദ്ര സേനയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷാവലയത്തിൽ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുന്നത്.

Exit mobile version