തർക്കം തീർന്നിട്ടോ അന്വേഷണം? സുശാന്തിന്റെ മരണം അന്വേഷിക്കാനെത്തിയ ബിഹാർ എസ്പിക്ക് നിർബന്ധിത ക്വാറന്റൈൻ; വാഹനം പോലും വിട്ടുനൽകാതെ മുംബൈ പോലീസ്; ഓട്ടോയിൽ സഞ്ചരിച്ച് ബിഹാർ പോലീസ്

മുംബൈ: നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം അന്വേഷിക്കാനെത്തിയ പാട്‌ന എസ്പിക്ക് അപമാനം. പാട്‌ന എസ്പി ബിനയ് തിവാരിയെ മുംബൈ കോർപ്പറേഷൻ 14 ദിവസത്തേക്ക് നിർബന്ധിത ക്വാറന്റൈനിലയച്ചു. അതേസമയം, ഐപിഎസ് ഓഫീസറെ ബലം പ്രയോഗിച്ച് ക്വാറന്റൈൻ ചെയ്യുകയായിരുന്നെന്ന് ബിഹാർ ഡിജിപി ട്വീറ്റ് ചെയ്തു. സംഭവം വിവാദമായതോടെ സാഹചര്യം വിലയിരുത്താൻ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉന്നതതല യോഗം വിളിച്ചു.

സുശാന്തിന്റെ കുടുംബം പാട്‌നയിൽ നൽകിയ പരാതി അന്വേഷിക്കാൻ ബിഹാർ പോലീസ് മുംബൈയിൽ എത്തിയത് മുതൽ മുംൂൈ പോലീസുമായി തർക്കത്തിലാണ്. ഇതാണ്പുതിയ തലത്തിലേക്ക് കടന്നിരിക്കുന്നത്. മുംബൈയിൽ കേസന്വേഷണം നടത്തുന്ന സംഘത്തെ നയിക്കാനെത്തിയ എസ്പി ബിനയ് തിവാരിയുടെ കൈയ്യിൽ ഹോം ക്വാറന്റൈൻ മുദ്ര പതിപ്പിക്കുകയും പിടിച്ചുവലിച്ച് ഗസ്റ്റ്ഹൗസിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നുമാണ് വിവരം.

ഇന്നലെ വൈകീട്ടോടെ മുംബൈയിൽ എത്തിയ തിവാരി മാധ്യമ പ്രവർത്തകരെ കണ്ടശേഷം ജോലിയിലേക്ക് കടക്കാനിരിക്കെയാണ് മുംബൈ കോർപ്പറേഷൻ ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തിന്റെ കൈയ്യിൽ ക്വാറന്റൈൻ സീൽ പതിപ്പിച്ചത്. രാത്രിയോടെ എസ്പിയെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നടപടിയെന്നാണ് കോർപ്പറേഷൻ അധികൃതരുടെ വിശദീകരണം. അന്വേഷണ ഉദ്യോഗസ്ഥന് ഐപിഎസ് മെസിൽ താമസം പോലും നൽകിയില്ലെന്ന് വിമർശിച്ച് ബിഹാർ ഡിജിപി രംഗത്തെത്തി.

അതേസമയം, ക്വാറന്റൈൻ ചെയ്തില്ലെങ്കിലും നേരത്തെ എത്തിയ ബിഹാർ പോലീസ് സംഘത്തിന് വാഹനം പോലും നൽകാൻ മുംബൈ പോലീസും അധികാരികളും തയ്യാറായിട്ടില്ല. ഇപ്പോഴും ഓട്ടോയിലാണ് മുംബൈയിൽ ബിഹാർ പോലീസ് സംഘത്തിന്റെ യാത്രകളെല്ലാം. കേസുമായി ബന്ധപ്പെട്ട പോസ്റ്റ് മോർട്ടം റിപ്പോർട്ട് പോലും നൽകാതെ അന്വേഷണത്തോട് നിസഹകരിക്കുകയാണ് മുംബൈ പൊലീസ്. ഇതിനെല്ലാം ഇടയിലാണ് പുതിയ പ്രകോപനം. സ്ഥിതി കൂടുതൽ സങ്കീർണമാവുന്ന സാഹചര്യത്തിൽ രാത്രിയോടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്, മുംബൈ പോലീസ് കമ്മീഷണർ, മഹാരാഷ്ട്രാ ഡിജിപി എന്നിവരുടെ യോഗം വിളിച്ചു.

Exit mobile version