പലിശ നിരക്കുകളില്‍ മാറ്റം വരുത്തുമോ? ഈ വര്‍ഷത്തെ അവസാന വായ്പാനയം റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കും

വര്‍ഷാവസാനത്തെ വായ്പ നയ അവലോകന റിപ്പോര്‍ട്ട് റിസര്‍വ് ബാങ്ക് നാളെ പ്രഖ്യാപിക്കും.

മുംബൈ: വര്‍ഷാവസാനത്തെ വായ്പ നയ അവലോകന റിപ്പോര്‍ട്ട് റിസര്‍വ് ബാങ്ക് നാളെ പ്രഖ്യാപിക്കും. പലിശ നിരക്കുകളില്‍ മാറ്റം വരുത്തുന്നതിന് സാധ്യത കുറവെന്നാണ് വിദഗ്ദര്‍ പറയുന്നത്. നിലവില്‍ 6.5 ശതമാനമായ റിപ്പോ നിരക്ക് അതേ പടി തുടര്‍ന്നേക്കും. പണപ്പെരുപ്പ നിരക്ക് ഏറെക്കുറെ റിസര്‍വ് ബാങ്ക് പ്രതീക്ഷിച്ച തോതില്‍ കുറഞ്ഞു വരികയാണ്. ഇതിനിടെ, ക്രൂഡ് ഓയില്‍ വില കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ 30 ശതമാനം കണ്ട് കുറഞ്ഞിട്ടുണ്ട്. ഡോളര്‍ വിലയാകട്ടെ നാലു രൂപയ്ക്കടുത്ത് താഴുകയും ചെയ്തു. ഒരു ഡോളറിന്റെ വില ഇപ്പോള്‍ 70 രൂപക്കടുത്താണ്.

ഈ സാമ്പത്തിക സാഹചര്യങ്ങള്‍ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള ഇടം റിസര്‍വ് ബാങ്കിന് ലഭ്യമാക്കുന്നുണ്ട്. പക്ഷെ പലിശ നിരക്കിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരുന്നതിനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ദര്‍ കാണുന്നത്.

എന്നാല്‍ ബാങ്കിങ് മേഖലയില്‍ ലിക്വിഡിറ്റി കുറവാണെന്ന വിമര്‍ശനം ശക്തമാണ്. ഇത് മറികടക്കുന്നതിന് ചില നടപടികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ക്യാഷ് റിസര്‍വ് അനുപാതത്തില്‍ [സിആര്‍ആര്‍] കുറവ് വരുത്തുകയാണ് ഇതില്‍ പ്രധാനം. നിലവില്‍ നാലു ശതമാനമാണ് സിആര്‍ആര്‍. ഇതില്‍ അര ശതമാനം മുതല്‍ ഒരു ശതമാനം വരെ ഇളവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അര ശതമാനം കുറച്ചാല്‍ ബാങ്കുകള്‍ക്ക് 50,000 കോടി രൂപ ബിസിനസില്‍ അധികമായി ഉപയോഗിക്കാന്‍ കഴിയും. ലിക്വഡിറ്റി കൂട്ടുന്നതിനുള്ള നടപടികള്‍ സ്വാഭാവികമായും പ്രതീക്ഷിക്കാം. കൃത്യമായ ഉത്തരം നാളെ ഉച്ചയ്ക്ക് ശേഷം എത്തും.

Exit mobile version