രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് അധിക്ഷേപിച്ചു; ബിജെപി എംപിയെ കൊണ്ട് മാപ്പ് പറയിച്ച് കോണ്‍ഗ്രസ് വനിത കൗണ്‍സിലര്‍

'നിങ്ങളുടെ പപ്പുവിനെ വിളിക്ക്, ഇവിടെയുള്ള കുഴികളൊക്കെ അദ്ദേഹം അടച്ചുതരും'എന്നാണ് പൊതു പരിപാടിക്കിടെ ദേവാജി പറഞ്ഞത്

ബന്‍സാര: പൊതു പരിപാടിയില്‍ വെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് ആക്ഷേപിച്ച ബിജെപി എംപിയെ കൊണ്ട് മാപ്പ് പറയിച്ച് കോണ്‍ഗ്രസ് വനിത കൗണ്‍സിലര്‍. രാജസ്ഥാനിലെ ബന്‍സാരയില്‍ സംഘടിപ്പിച്ച പൊതു പരിപാടിക്കിടെയായിരുന്നു കോണ്‍ഗ്രസ് കൗണ്‍സിലര്‍ സീതാ ദാമോറും ബിജെപി എംപി ദേവാജി ഭായിയും തമ്മിലുള്ള ഏറ്റുമുട്ടല്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

‘നിങ്ങളുടെ പപ്പുവിനെ വിളിക്ക്, ഇവിടെയുള്ള കുഴികളൊക്കെ അദ്ദേഹം അടച്ചുതരും’എന്നാണ് പൊതു പരിപാടിക്കിടെ ദേവാജി പറഞ്ഞത്. തുടര്‍ന്ന് ഇതില്‍ രോക്ഷാകുലയായ സീതാ ദാമോര്‍ എംപിയുമായി കയര്‍ക്കുകയായിരുന്നു. ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ തങ്കള്‍ ഉപയോഗിച്ച വാക്ക് ശരിയായില്ലെന്നും ആ പ്രയോഗം പിന്‍വലിച്ച് മാപ്പ് പറയണമെന്നും കൗണ്‍സിലര്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയപാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തില്‍ അവിടെയുണ്ടായിരുന്ന ബിജെപി എംപി രാഹുല്‍ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു. ആദ്യം പ്രയോഗം തിരുത്താന്‍ അവരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല. പിന്നീട് എല്ലാവരുടെയും നിര്‍ബന്ധത്തിന് വഴങ്ങി എംപി മാപ്പ് പറഞ്ഞു, സീതാ ദാമോര്‍ പറഞ്ഞു.

Exit mobile version