മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ജോലി നഷ്ടപ്പെട്ട് പച്ചക്കറി കച്ചവടം തുടങ്ങി; യുവതിക്ക് ജോലി വാഗ്ദാനവുമായി നടന്‍ സോനു സൂദ്, സിനിമയിലെ വില്ലന്‍ ജീവിതത്തില്‍ ഹീറോ

തെലങ്കാന: കൊവിഡ് പ്രതിസന്ധിക്കിടെ ജോലി നഷ്ടപ്പെട്ട യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത് നടന്‍ സോനു സൂദ്. ശാരദ എന്ന ഹൈദരാബാദിലെ യുവതിക്കാണ് സോനുവിന്റെ സഹായ ഹസ്തം. മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ടെക്കിയായിരുന്നു ഇവര്‍.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ഇവര്‍ പച്ചക്കറി കച്ചവടം തുടങ്ങുകയായിരുന്നു. ദിവസനേ പുലര്‍ച്ചെ നാലു മണിക്ക് എണീറ്റ് പച്ചക്കറി വാങ്ങി കച്ചവടം ചെയ്തു വരികയായിരുന്നു ഇവര്‍. ശാരദയുടെ കഥ അതിവേഗം തന്നെ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞതോടെയാണ് സോനു സൂദിന്റെ ഇടപെടല്‍. ലോക്ഡൗണ്‍ സമയത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി പോയ അതിഥി തൊഴിലാളികളെ ജന്മനാട്ടിലെത്തിക്കുന്നതിന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ സോനു സൂദ് ശ്രദ്ധ നേടിയിരുന്നു.

കുടുങ്ങി പോയ തൊഴിലാളികള്‍ക്ക് വീടുകളിലെത്തി കുടുംബത്തെ സന്ദര്‍ശിക്കാന്‍ ബസ്സുകള്‍ ഏര്‍പ്പാടാക്കിയും മറ്റുമായിരുന്നു സോനു സൂദിന്റെ പ്രവര്‍ത്തനങ്ങള്‍. ഇതിനി പുറമെ, മാസ്‌കും ഫേസ്ഷീല്‍ഡുകളും താരം നല്‍കിയിരുന്നു.

Exit mobile version