കുട്ടികളെ പഠിപ്പിക്കാന്‍ കൈയ്യില്‍ പണമില്ല, ട്യൂഷന്‍ ഫീസായി അധ്യാപകര്‍ക്ക് നല്‍കുന്നത് ഗോതമ്പ്, സന്തോഷത്തോടെ സ്വീകരിച്ച് അധ്യാപകര്‍, പണം കിട്ടിയാലും ഇവയൊക്കെയല്ലേ വാങ്ങുന്നതെന്ന് മറുപടി

പട്‌ന: കോവിഡ് പ്രതിസന്ധിയില്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത് സാധാരണക്കാരാണ്. ജോലിയും കൂലിയുമെല്ലാം നഷ്ടപ്പെട്ട പലരും കുട്ടികളുടെ വിദ്യാഭ്യാസവും വീട്ടുചെലവുമെല്ലാം മുന്നോട്ട് കൊണ്ടുപോകാന്‍ പെടാപാട് പെടുകയാണ്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങിയെങ്കിലും ഇന്റര്‍നെറ്റ് സൗകര്യങ്ങളൊന്നുമില്ലാത്തവര്‍ രാജ്യത്ത് നിരവധിയാണ്.

ഈ സാഹചര്യത്തില്‍ പഴയ ബാര്‍ട്ടര്‍ സംവിധാനം തിരികെ കൊണ്ടു വന്നിരിക്കുകയാണ് ബീഹാറിലെ ഗ്രാമീണര്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാകാന്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങളൊന്നുമില്ലാത്ത നാട്ടുകാര്‍ സ്വകാര്യ ട്യൂഷനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ട്യൂഷന്‍ ഫീസായി ഇവര്‍ അധ്യാപകര്‍ക്ക് നല്‍കുന്നത് ഗോതമ്പാണ്.

ഒരു ദിവസം ഒരു മണിക്കൂര്‍ ക്ലാസെടുക്കുന്നതിന് ഒരു മാസം ആയിരം രൂപയാണ് ഫീസ്. കയ്യില്‍ പണമില്ലാത്തതിനാല്‍ ഫീസായി അധ്യാപകര്‍ക്ക് ഗോതമ്പ് നല്‍കും. ബീഹാറിലെ ബഗുസരായി ജില്ലയിലെ നയാഗാവിലാണ് ഈ ബാര്‍ട്ടര്‍ സംവിധാനം നടക്കുന്നത്.

സുബോധ് സിംഗ് എന്ന അധ്യാപകനാണ് ഇവിടെ ട്യൂഷനെടുക്കാന്‍ വരുന്നത്. നയാഗാവില്‍ ആകെയുള്ള ജനസംഖ്യയായ 3500 പേരില്‍ ആയിരത്തിനടുത്ത് കുഞ്ഞുങ്ങള്‍ വിദ്യാര്‍ത്ഥികളായുണ്ട്. മിക്കവരും സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിക്കുന്നത്. പത്ത് ശതമാനം കുട്ടികള്‍ മാത്രമേ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്നുള്ളൂ. അതുപോലെ ജനങ്ങള്‍ കൃഷിക്കാരാണ്.

സ്‌കൂളുകള്‍ തുറക്കുന്നതിനെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ മിക്കവരും സ്വകാര്യ ട്യൂഷനുകളെയാണ് ആശ്രയിക്കുന്നത്. ക്ലാസുകള്‍ ദൂരദര്‍ശന്‍ വഴി ലഭ്യമാകുമെങ്കിലും ടെലിവിഷന്‍ ഉള്ള വീടുകളും ഈ ഗ്രാമത്തില്‍ വിരളമാണ്. മാത്രമല്ല ക്ലാസുകള്‍ കൃത്യമായി അറ്റന്‍ഡ് ചെയ്യാന്‍ കുട്ടികള്‍ തയ്യാറാകുന്നുമില്ല. അങ്ങനെയാണ് എല്ലാവരും സ്വകാര്യ ട്യൂഷനെ ആശ്രയിക്കാന്‍ തീരുമാനിക്കുന്നത്.

20ലധികം അധ്യാപകരാണ് ഇവിടെ ട്യൂഷന്‍ പഠിപ്പിക്കാന്‍ എത്തുന്നത്. 200 മുതല്‍ 1000 വരെയാണ് ഫീസ്. അമ്പതിലധികം വിദ്യാര്‍ത്ഥികളെ 10 ബാച്ചായി പഠിപ്പിക്കുന്ന അധ്യാപകരുണ്ട്. ഫീസായി ഗോതമ്പും മെയ്‌സും കിട്ടിയാലും അധ്യാപകര്‍ക്ക് പരാതിയൊന്നുമില്ല. കാരണം പണം ലഭിച്ചാലും അതുപയോഗിച്ച് ഇവയൊക്കെയല്ലേ വാങ്ങുന്നതെന്നാണ് ഇവരുടെ ചോദ്യം.

Exit mobile version