അൺലോക്ക്-3: സ്‌കൂളുകൾ തുറന്നേക്കില്ല,മെട്രോ സർവീസുകളും ജിംനേഷ്യങ്ങളും അടഞ്ഞുതന്നെ

ന്യൂഡൽഹി: രാജ്യം അൺലോക്ക് 3 യിലേക്ക് കടക്കുമ്പോൾ സ്‌കൂളുകൾ തുറന്നേക്കില്ല. മെട്രോ സർവീസുകളും ആരംഭിച്ചേക്കില്ല. ഇൻഡോർ നീന്തൽ കുളങ്ങൾ, ജിംനേഷ്യങ്ങൾ എന്നിവയും തുറക്കാൻ അനുമതി നൽകില്ലെന്നാണ് സൂചന. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് കൊടുക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകൾ തുറക്കാനും മെട്രോ ട്രെയിൻ സർവീസുകൾ ആരംഭിക്കാനും അനുമതി നൽകാമെന്ന് ആദ്യം കേന്ദ്രസർക്കാർ ആലോചിച്ചിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിന്റെ തോത് വർധിക്കുന്ന സാഹചര്യത്തിലാണ് അവസാന നിമിഷം തീരുമാനം മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, പുതിയ ഇളവുകൾ വരുന്നതോടെ കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള മേഖലകളിൽ സാധാരണ ജനജീവിതമായിരിക്കും ഉണ്ടാവുക. എന്നാൽ ഈ ഇടങ്ങളിൽ ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അനുമതിയുണ്ടാകും. 68 ദിവസം നീണ്ടു നിന്ന ലോക്ക് ഡൗണിന് ശേഷം ജൂൺ മുതൽ ഇതുവരെ രണ്ടുതവണ ഇളവുകൾ കൊണ്ടുവന്നിരുന്നു. ഓരോതവണയും കൂടുതൽ ഇളവുകളാണ് അനുവദിച്ചത്. എന്നാൽ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ഇന്ന് നടക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയ്ക്ക് ശേഷം എന്തൊക്കെ ഇളവുകൾ അനുവദിക്കും എന്നതിൽ തീരുമാനമുണ്ടാകും. മിക്ക സംസ്ഥാനങ്ങളും സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് അഭിപ്രായപ്പെടുന്നവരാണ്.

Exit mobile version