മാസ്‌കും അകലവുമില്ല; പഞ്ചനക്ഷത്ര ഹോട്ടലിൽ അന്താക്ഷരി കളിച്ചുല്ലസിച്ച് കോൺഗ്രസ് എംഎൽഎമാർ; ജനങ്ങൾ വലയുമ്പോൾ ജയിപ്പിച്ച് വിട്ടവർ ഇതുതന്നെ ചെയ്യണമെന്ന് സോഷ്യൽമീഡിയ

ജയ്പുർ: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റിയ കോൺഗ്രസ് എംഎൽഎമാരുടെ ആഘോഷത്തിന്റെ വീഡിയോ പുറത്തെത്തിയത് വലിയ വിവാദമുണ്ടാക്കുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റൈ പാളയത്തിലെ എംഎൽഎമാരുടെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള ആഘോഷങ്ങളുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലായ ഫെയർമോണ്ടിൽ താമസിക്കുന്ന എംഎൽഎമാർ യോഗ ചെയ്യുന്നതും ഫുട്‌ബോൾ കളിക്കുന്നതും സിനിമകൾ കാണുന്നതും ഉൾപ്പടെയുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയായ ഗെഹ്‌ലോട്ടിനൊപ്പം എംഎൽഎമാർ അന്താക്ഷരി കളിച്ച് പാട്ടുപാടി രസിക്കുന്ന വീഡിയോ പുറത്തെത്തിയത്. ഇതിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽമീഡിയ നടത്തുന്നത്.

മാസ്‌ക്കും സാമൂഹിക അകലവും പാലിക്കാതെ ജനപ്രതിനിധികൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിനോദത്തിന് പൊതുഖജനാവിലെ പണം ചെലവഴിക്കുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്. തിങ്കളാഴ്ച എംഎൽഎമാർ അന്താക്ഷരി കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമാണ് എംഎൽഎമാർ കൂടിച്ചേർന്ന് ആഘോഷത്തിൽ പങ്കെടുത്തിരുന്നത്.

എംഎൽഎമാർ കൂട്ടംകൂടിയിരുന്ന് ആമിർഖാൻ അഭിനയിച്ച ലഗാൻ സിനിമ കാണുന്ന വീഡിയോയും ഇതിനിടെ പ്രചരിച്ചിരുന്നു. പൊതുജനങ്ങൾ കൊവിഡും സാമ്പത്തിക പ്രതിസന്ധിയും കാരണം നട്ടം തിരിയുമ്പോൾ ജനപ്രതിനിധികൾ ഇത്തരത്തിലാണോ പ്രവർത്തിക്കേണ്ടതെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന ചോദ്യം. നിങ്ങൾ ആരുടെ പണമാണ് ചെലവഴിക്കുന്നത് നിങ്ങൾക്ക് പണം കായ്ക്കുന്ന മരമുണ്ടോ എന്നൊക്കെയാണ് ആളുകൾ ചോദിക്കുന്നത്. ഇവരെ പോലുളള നേതാക്കൾക്ക് വോട്ട് ചെയ്യുന്നതിന് വേണ്ടി താൻ രണ്ടുമണിക്കൂറാണ് വരി നിന്നത് എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

Exit mobile version