കെട്ടിച്ചമച്ച ശക്തനാണെന്ന പ്രതിഛായയാണ് മോഡിയുടെ ഏറ്റവും വലിയ ശക്തി; ഇന്ത്യയുടെ ഏറ്റവും വലിയ ദൗർബല്യവും അതുതന്നെ: രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തിന്റെ ഏറ്റവും വലിയ ദൗർബല്യം പ്രധാനമന്ത്രി ശക്തനാണെന്ന കെട്ടിച്ചമച്ച പ്രതിഛായ ആണെന്ന് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. ‘അധികാരത്തിലെത്താൻ വേണ്ടി ശക്തനാണെന്ന് കെട്ടിച്ചമച്ച പ്രതിച്ഛായ പ്രധാനമന്ത്രി ഉണ്ടാക്കി. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. ഇപ്പോൾ അതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ദൗർബല്യവും.’-ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രിക്ക് സംഭവിച്ച വീഴ്ചയും രാഹുൽ ചൂണ്ടിക്കാണിക്കുന്നു. ചൈനയുടെ നീക്കം തന്ത്രപരമായാണെന്നും അവർ ഒന്നും ആലോചിക്കാതെ അതിർത്തിയിലേക്ക് കടന്നുകയറില്ലെന്നും രാഹുൽ അഭിപ്രായപ്പെടുന്നുണ്ട്.

‘എന്താണ് ചൈനയുടെ തന്ത്രപരമായ നീക്കം. ഇതുവെറുമൊരു അതിർത്തി പ്രശ്‌നമല്ല. ചൈനക്കാർ ഇന്ന് നമ്മുടെ ഭൂപ്രദേശത്താണ് ഇരിക്കുന്നതെന്നതാണ് എന്നെ ആശങ്കപ്പെടുത്തുന്ന കാര്യം. തന്ത്രപരമായി ചിന്തിക്കാതെ ചൈനക്കാർ ഒരു കാര്യവും ചെയ്യാറില്ല. ഗാൽവനിലായാലും ഡെംചോക്കിലായാലും പാംഗോങ്ങിലായാലും സ്ഥാനം പിടിക്കാനാണ് അവർ ശ്രമിക്കുന്നത്. നമ്മുടെ ദേശീയ പാതയാണ് അവരുടെ പ്രശ്‌നം. അത് അനാവശ്യമാണെന്ന് അവർക്ക് വരുത്തിതീർക്കണം. വിപുലമായ ലക്ഷ്യത്തോടെയാണ് അവരുടെ ചിന്തകൾ പോകുന്നത്. കാശ്മീർ വിഷയത്തിൽ അവർക്ക് പാകിസ്താനുമായി ചേർന്ന് എന്തോ ചെയ്യാനുണ്ട്. അതുകൊണ്ട് ഇത് വെറുമൊരു അതിർത്തി തർക്കമല്ല. ഇത് പ്രധാനമന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്താൻ രൂപ്പപെടുത്തിയെടുത്ത അതിർത്തി പ്രശ്‌നമാണ്. അവർ പ്രത്യേക രീതിയിൽ സമ്മർദ്ദം ചെലുത്താനാണ് ആലോചിക്കുന്നത്. അങ്ങനെ അവർ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണ്.’- രാഹുൽ ഗാന്ധി വീഡിയോയിൽ പറയുന്നു.

Exit mobile version