ലോക്ക്ഡൗൺ കാരണം ചികിത്സ മുടങ്ങി; ദയാവധം അനുവദിക്കണമെന്ന് അപേക്ഷിച്ച് വൃക്ക രോഗി

ചെന്നൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണും സാമ്പത്തിക പ്രതിസന്ധിയും കാരണം ചികിത്സ മുടങ്ങിയ വൃക്കരോഗി ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്ത്. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ വള്ളിയമ്മാൾപുരത്തുള്ള എ മാരിയപ്പനാണ് (40) ദയാവധം ആവശ്യപ്പെട്ട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും കളക്ടർ ജെകെ അരുൺ സുന്ദറിനും അപേക്ഷ നൽകിയത്.

പൊതുഗതാഗതമില്ലാത്തതിനാൽ ഡയാലിസിസ് ചെയ്യുന്നതിന് ആശുപത്രിയിൽ പോകാൻ കഴിയാതെ രോഗം മൂർച്ഛിക്കുകയാണെന്നും കുടുംബവും കൈവിട്ടതോടെ മരണമല്ലാതെ മറ്റൊരു മാർഗമില്ലെന്ന് മാരിയപ്പൻ അപേക്ഷയിൽ പറയുന്നു. ചികിത്സ മുടങ്ങിയതോടെ കാലുകൾ നീരുവെച്ചു വീർത്തതോടെ നടക്കാൻ ബുദ്ധിമുട്ടിലായതിനാൽ മാരിയപ്പന് മറ്റൊരാളുടെ സഹായമില്ലാതെ ആശുപത്രിയിൽ പോകാൻ സാധിക്കുകയുമില്ല.

അതേസമയം, വീട്ടുകാർ കൈയൊഴിഞ്ഞ ഇയാൾ കിടപ്പിലാണ്. സർക്കാർ ആംബുലൻസ് സഹായം തേടിയിട്ടും സഹായം ലഭിച്ചില്ലെന്നും അപേക്ഷയിൽ പറയുന്നു. ഇതിനിടെ, മുഖ്യമന്ത്രിക്കും കളക്ടർക്കും ഇത്തരം ഒരു അപേക്ഷ നൽകിയെന്ന് അറിഞ്ഞതിനെത്തുടർന്ന് മാരിയപ്പന് ചികിത്സ ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് മുന്നോട്ടുവന്നിട്ടുണ്ട്. ഇയാൾക്ക് ഉടൻതന്നെ ഡയാലിസിസിനുള്ള സഹായം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Exit mobile version