രാമക്ഷേത്രം: ഓഗസ്റ്റ് ആദ്യവാരം ഭൂമി പൂജ, പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയേക്കും

അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി ഓഗസ്റ്റ് ആദ്യവാരം ഭൂമി പൂജ നടത്തും. ക്ഷേത്ര നിര്‍മാണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി അയോധ്യയില്‍ ശനിയാഴ്ച ചേര്‍ന്ന ശ്രീറാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് യോഗത്തിലാണ് ഭൂമി പൂജ ഓഗസ്റ്റില്‍ നടത്താന്‍ തീരുമാനിച്ചത്.

ചടങ്ങില്‍ പ്രധാനമന്ത്രിയും പങ്കെടുത്തേക്കും. പ്രധാനമന്ത്രിയുടെ സൗകര്യംകൂടി കണക്കിലെടുത്ത് ഓഗസ്റ്റ് മൂന്നിനോ അഞ്ചിനോ ഭൂമി പൂജ നടത്താനാണ് തീരുമാനം. പ്രധാനമന്ത്രിയുടെ സൗകര്യാര്‍ഥം ക്ഷേത്ര ശിലാസ്ഥാപനത്തിനായി ഇതില്‍ ഏതെങ്കിലും ഒരു തിയതി തിരഞ്ഞെടുക്കാന്‍ അറിയിച്ചിട്ടുണ്ടെന്നും അന്നുമുതല്‍ ക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്നും ട്രസ്റ്റ് അംഗം കാമേശ്വര്‍ ചൗപാല്‍ വ്യക്തമാക്കി.

മഴക്കാലത്തിന് ശേഷം രാജ്യത്തെ നാല് ലക്ഷം പ്രദേശങ്ങളിലെ പത്ത് കോടിയോളം കുടുംബങ്ങളില്‍ നിന്ന് ക്ഷേത്ര നിര്‍മാണത്തിനുള്ള സാമ്പത്തിക സഹായം സ്വീകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്തുവെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപത് റായ് പറഞ്ഞു. നിര്‍മാണത്തിനാവശ്യമായ എല്ലാ കാര്യങ്ങളും പൂര്‍ത്തിയായ ശേഷം മൂന്ന് മുതല്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ ക്ഷേത്ര നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ജൂലായ് രണ്ടിന് ക്ഷേത്ര നിര്‍മാണത്തിനായി ഭൂമി പൂജ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇത് മാറ്റിവെയ്ക്കുകയായിരുന്നു. ഭൂരിഭാഗം ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും ഇന്ന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കാന്‍ അയോധ്യയിലെത്തിയിരുന്നു. മൂന്ന് പേര്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയും യോഗത്തില്‍ പങ്കെടുത്തു.

Exit mobile version