കോണ്‍ഗ്രസ് വെന്റിലേറ്ററില്‍, ഇനി ഭാവിയില്ല, രക്ഷിക്കാന്‍ പ്ലാസ്മ തെറാപ്പിക്കോ ഹൈഡ്രോക്‌സി ക്ലോറോക്വിനിനോ സാധിക്കില്ല; രൂക്ഷ പരിഹാസവുമായി ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വെന്റിലേറ്ററിലാണിപ്പോഴെന്ന് പാര്‍ട്ടിക്കെതിരെ രൂക്ഷപരിഹാസവുമായി ആം ആദ്മി പാര്‍ട്ടി. ആഭ്യന്തര രാഷ്ട്രീയത്താല്‍ പ്രതിസന്ധിയിലായ രാജസ്ഥാനിലെ കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി വക്താവ് രാഘവ് ഛദ്ദ.

കോണ്‍ഗ്രസ് വെന്റിലേറ്ററിലാണെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കേണ്ടതിനു പകരം ‘വൃത്തികെട്ട രാഷ്ട്രീയം’ കളിക്കുകയാണു ചില പാര്‍ട്ടികളെന്നും രാഘവ് ഛദ്ദ പറഞ്ഞു. കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞുവെന്നും മൊത്തത്തില്‍ തകര്‍ന്നിരിക്കുകയാണെന്നും രാഘവ് ഛദ്ദ കൂട്ടിച്ചേര്‍ത്തു.

‘കോണ്‍ഗ്രസിന് ഇനി ഭാവിയില്ല. രാജ്യത്തിന്റെ ഭാവിയിലേക്ക് അവര്‍ക്ക് ഒന്നും നല്‍കാനുമില്ല. പുതുരക്തവും ഊര്‍ജവുമുള്ള തന്റെ പാര്‍ട്ടിക്കു ബദലാകാന്‍ സാധിക്കും. ഈ മഹാമാരി കാലത്ത് എല്ലാ പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കേണ്ടതാണ്. പക്ഷേ മറിച്ചാണു സംഭവിക്കുന്നത്. ഇവിടെ ഒരു പാര്‍ട്ടി അവരുടെ എംഎല്‍എമാരെ വില്‍ക്കുന്നു, മറ്റൊരു പാര്‍ട്ടി വാങ്ങുന്നു. രാജസ്ഥാനിലുള്‍പ്പെടെ നടക്കുന്ന ഇത്തരം വൃത്തികെട്ട രാഷ്ട്രീയ നാടകം ജനങ്ങളെ വേദനിപ്പിക്കുകയാണ്.’ എഎപി വക്താവ് രാഘവ് ഛദ്ദ പറഞ്ഞു.

125 വര്‍ഷം പിന്നിട്ട കോണ്‍ഗ്രസ് പഴയതായി, തകര്‍ന്നിരിക്കുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന അവരെ മരണത്തില്‍നിന്നും രക്ഷിക്കാന്‍ പ്ലാസ്മ തെറപ്പിക്കോ ഹൈഡ്രോക്‌സി ക്ലോറോക്വിനിനോ റെംഡിസിവിറിനോ ഒന്നും സാധിക്കില്ലെന്നും രാഘവ് ചദ്ദ വാര്‍ത്ത സമ്മേളനത്തിനിടെ വ്യക്തമാക്കി.

അതേസമയം ആംആദ്മി പാര്‍ട്ടിയുടെ പരിഹാസത്തിന് ചുട്ടമറുപടി നല്‍കി കോണ്‍ഗ്രസും രംഗത്തെത്തി. ‘ഡല്‍ഹി ഭരിക്കാന്‍ നിങ്ങള്‍ എഎപിയുടെ കേജ്രിവാളിനു വേണ്ടിയാണു വോട്ട് ചെയ്തതെങ്കില്‍ കിട്ടുക ബിജെപിയുടെ അമിത് ഷായെയാണ്. കോണ്‍ഗ്രസിന് ഒരിക്കലും ഇത്തരം ഇരട്ട ഓഫര്‍ നല്‍കാനാവില്ല’ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരി പറഞ്ഞു. രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുകയാണ്.

Exit mobile version