264 കോടി മുടക്കി എട്ടുവർഷം കൊണ്ട് പാലം പണിതു; ഉദ്ഘാടനത്തിന് പിന്നാലെ ഒരു മാസം തികയും മുമ്പെ പാലം തകർന്ന് പുഴയിൽ പതിച്ചു; ബിഹാർ സർക്കാർ നാണക്കേടിൽ

പാട്‌ന: എട്ടുവർഷം സമയമെടുത്ത് 264 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പാലം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം തികയും മുമ്പെ, കൃത്യമായി പറഞ്ഞാൽ 29ാം ദിനം പുഴയിലേക്ക് തകർന്നു വീണു. ബിഹാറിലാണ് സംഭവം. ബിഹാറിലെ ഗോപാൽഗഞ്ചിൽ നിന്നും ചംപരണിലേക്ക് ബന്ധിപ്പിക്കുന്ന പാലമാണ് കനത്ത മഴ പെയ്തതോടെ തകർന്ന് പുഴയിലേക്ക് പതിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

29 ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഈ പാലം ഉദ്ഘാടനം ചെയ്തത്. ബിഹാർ സർക്കാരിന്റെ അഭിമാന പദ്ധതി പോലെ ഉദ്ഘാടനം ചെയ്യപ്പെട്ട പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ സർക്കാരിന് നേരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. 2012 ൽ ആരംഭിച്ച പാലത്തിന്റെ നിർമ്മാണം എട്ട് വർഷമെടുത്താണ് പൂർത്തീകരിച്ചത്. ഗന്ധക് നദിക്ക് കുറുകേയാണ് പാലം നിർമ്മിച്ചത്. ജൂൺ 16 നാണ് പാലം യാത്രക്കാർക്കായി തുറന്നുകൊടുത്തത്. ഇതിന് പിന്നാലെ കനത്ത മഴയെ തുടർന്ന് ഗന്ധക് നദിയിലെ കുത്തൊഴുക്കിൽ പാലത്തിന്റെ ഒരു ഭാഗം തകർന്നു പുഴയിലേക്ക് വീഴുകയായിരുന്നു. കനത്ത മഴ തുടരുന്ന ബിഹാറിൽ താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിനടിയിലാണ്. നേപ്പാളിലും ശക്തമായ മഴ തുടരുന്നത് ബിഹാറിലെ വെള്ളപ്പൊക്കം കൂടുതൽ രൂക്ഷമാക്കുന്നു.

അതേസമയം, ഉദ്ഘാടനം കഴിഞ്ഞ് 29ാം ദിവസം പാലം തകർന്നത് ബിഹാറിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ 263.47 കോടി ചെലവിട്ട് നിർമിച്ച പാലം തകർന്നു വീണതിൽ പാവം എലികളെ പഴിക്കരുതെന്നാണ് ബിഹാറിലെ കോൺഗ്രസ് നേതാവ് മദൻ മോഹൻ ഝായുടെ ട്വീറ്റ്.

പാലങ്ങളിൽ എലികൾ മാളങ്ങൾ തീർക്കുന്നത് ബലക്ഷയത്തിന് കാരണമാകുന്നുവെന്ന് 2017 ൽ നിതീഷ് കുമാറിന്റെ മന്ത്രിസഭയിലെ ഒരു മന്ത്രി പ്രസ്താവന നടത്തിയതാണ് ഈ ട്വീറ്റിന് ആധാരം.

ഇതിനു മുമ്പെ മദ്യനിരോധനമുള്ള സ്ഥലത്തുനിന്നും പോലീസ് പിടികൂടിയ മദ്യക്കുപ്പികൾ സംസ്ഥാനത്തെ സ്‌റ്റേഷനുകളിൽനിന്ന് അപ്രത്യക്ഷമാകുന്നതിനു പിന്നിലും എലികളാണെന്ന പോലീസിന്റെ വാദവും വിവാദമായിരുന്നു. രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവും ഇതിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. കോടികൾ ചെലവഴിച്ച് നിർമിച്ച പാലം തകർന്നതിൽ അഴിമതി ആരോപിക്കേണ്ടതില്ലെന്നും ബിഹാറിലെ എലികൾ 263 കോടി രൂപയേക്കാൾ വില വരുന്ന മദ്യം കുടിച്ചു തീർത്തിട്ടുണ്ടെന്നുമായിരുന്നു തേജസ്വിയുടെ ട്വീറ്റ്.

Exit mobile version