വേതനം ലഭിച്ചില്ല; ജെറ്റ് എയര്‍വേയ്‌സില്‍ പൈലറ്റുമാര്‍ പെട്ടെന്ന് ‘അസുഖ ബാധിതര്‍’; റദ്ദാക്കിയത് 14 സര്‍വീസുകള്‍

അപ്രതീക്ഷിതമായ പൈലറ്റുമാരുടെ കൂട്ടഅവധിയില്‍ വലഞ്ഞ് ജെറ്റ് എയര്‍വേയ്‌സ്.

മുംബൈ: അപ്രതീക്ഷിതമായ പൈലറ്റുമാരുടെ കൂട്ടഅവധിയില്‍ വലഞ്ഞ് ജെറ്റ് എയര്‍വേയ്‌സ്. പൈലറ്റുമാരെല്ലാം പെട്ടെന്ന് ‘അസുഖബാധിതര്‍’ ആയതോടെയാണ് ജെറ്റ് എയര്‍വേസിന്റെ 14 സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നത്. ശമ്പളം കിട്ടാന്‍ വൈകിയതോടെയാണ് ചില പൈലറ്റുമാര്‍ അപ്രതീക്ഷിതമായി ഇന്നലെ സിക്ക് ലീവില്‍ പ്രവേശിച്ചത്.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ജെറ്റ് എയര്‍ലൈന്‍സില്‍ ശമ്പളം വൈകുന്നതിനെ ചൊല്ലി മാനേജ്മെന്റും പൈലറ്റുമാരും കുറച്ചുമാസങ്ങളായി അസ്വാരസ്യത്തിലാണ്. സെപ്തംബറിലെ ശമ്പളം ഭാഗികമായി നല്‍കിപ്പോള്‍ ഒക്ടോബറിലേയും നവംബറിലേയും ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല.

ശമ്പളം വൈകുന്നതിലും മാനേജ്മെന്റുമായി വിഷയം പരിഹരിക്കുന്നതിലുള്ള നാഷണല്‍ എവിയേറ്റേഴ്സ് ഗില്‍ഡിന്റെ നിസംഗ്ഗത നിലപാടിലും പൈലറ്റുമാര്‍ പ്രതിഷേധത്തിലായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. 14 പൈലറ്റുമാര്‍ അവധിയില്‍ പ്രവേശിച്ചതോടെയാണ് സര്‍വീസുകര്‍ റദ്ദാക്കിയതെന്നും അറിയിപ്പില്‍ പറയുന്നു. ജെറ്റ് എയര്‍വേസിലെ ആഭ്യന്തര സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൈലറ്റുമാരുടെ സംഘടനയാണ് നാഷണല്‍ ഏവിയേറ്റേഴ്സ് ഗില്‍ഡ്. 1000 ഓളം പൈലറ്റുമാര്‍ ഇതില്‍ അംഗങ്ങളാണ്.

അപ്രതീക്ഷിതമായ സാഹചര്യത്തെ തുടര്‍ന്നാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്നും പൈലറ്റുമാരുടെ നിസ്സഹകരണമല്ല പ്രശ്നമെന്നും ജെറ്റ് എയര്‍വേസ് പറയുന്നു. എന്നാല്‍ റദ്ദാക്കിയ വിമാനങ്ങളുടെ എണ്ണം കമ്പനി വ്യക്തമാക്കിയിട്ടില്ല.

Exit mobile version