ഇന്ത്യ വികസിപ്പിച്ച കൊവിഡ് വാക്‌സിൻ എലികളിൽ വിജയകരം; മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതിക്കായി കാത്തിരിക്കുന്നു: ഐസിഎംആർ

ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി തേടി ഐസിഎംആർ. വാക്‌സിൻ പരീക്ഷണത്തിന് ഡിസിജിഐയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഐസിഎംആർ അറിയിച്ചു. എലികളിലും മുയലുകളിലും വാക്‌സിൻ പരീക്ഷണം വിജയകരമായിരുന്നെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ബലറാം ഭാർഗവ അവകാശപ്പെട്ടു.

അനുമതി ലഭിച്ചാലുടൻ മനുഷ്യരിൽ ആദ്യ ഘട്ട വാക്‌സിൻ പരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമാണെന്നാണ് റിപ്പോർട്ടുകൾ. തുടർനടപടികൾ റഷ്യ വേഗത്തിലാക്കിയിരിക്കുകയാണ്. ചൈനയും വാക്‌സിൻ വികസിപ്പിക്കലും അതു സംബന്ധിച്ച പഠനങ്ങളും ത്വരിതഗതിയിൽ നടത്തുകയാണ്.

ഇതിനിടെ, കൊവിഡ് വായുവിൽ കൂടി പകരാമെന്ന തരത്തിലുള്ള അനുമാനങ്ങളും അഭിപ്രായങ്ങളും പല ശാസ്ത്രജ്ഞരും മുമ്പോട്ട് വെക്കുന്നുണ്ട്. ഏറ്റവും പ്രധാനം ശാരീരിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുക എന്നതാണ് എന്നും ബലറാം ഭാർഗവ പറഞ്ഞു. ആരോഗ്യമന്ത്രാലയവും ഐസിഎംആറും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Exit mobile version