കൊവിഡ് 19; അക്കൗണ്ടന്റിന് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലക്‌നൗ ചീഫ് മെഡിക്കല്‍ ഓഫീസറുടെ ഓഫീസ് അടച്ചു

ലക്നൗ: അക്കൗണ്ടന്റിന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലക്‌നൗ ചീഫ് മെഡിക്കല്‍ ഓഫീസറുടെ ഓഫീസ് അടച്ചു. ഓഫീസ് അണുവിമുക്തമാക്കുന്നത് വരെ രണ്ടു ദിവസം സിഎംഒ വീട്ടിലിരുന്ന് ജോലി ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

ദേശീയ ആരോഗ്യ മിഷനുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് വേണ്ടിയാണ് അക്കൗണ്ടിനെ നിയോഗിച്ചിരുന്നത്. വ്യാഴാഴ്ച തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അക്കൗണ്ടന്റ് റെഡ് ക്രോസ് സൊസൈറ്റി സെന്ററില്‍ പോയി കൊവിഡ് പരിശോധന നടത്തിയത്. ശനിയാഴ്ചയാണ് കൊവിഡ് പോസിറ്റീവാണെന്ന പരിശോധനാഫലം ലഭിച്ചത്.

അതേസമയം അക്കൗണ്ടന്റിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുമായി അടുത്ത് ഇടപഴകിയ പതിനഞ്ച് ഉദ്യോഗസ്ഥരുടെ സാമ്പിളുകള്‍ കൊവിഡ് പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്നാണ് സിഎംഒ ഡോ.നരേന്ദ്ര അഗര്‍വാള്‍ അറിയിച്ചത്. അതേസമയം കൊവിഡ് വാര്‍ഡില്‍ നിയമിതനായ സീനിയര്‍ ഫാക്കല്‍റ്റി അംഗം ഉള്‍പ്പെടെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതോടെ ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ച സ്റ്റാഫുകളുടെ എണ്ണം 29 ആയി.

Exit mobile version