പ്രണയിനിയേയും വീട്ടുകാർ പറഞ്ഞുറപ്പിച്ച പെൺകുട്ടിയേയും ഒരേ മണ്ഡപത്തിൽ വിവാഹം കഴിച്ച് യുവാവ്; അനുമതി നൽകിയത് നാട്ടുകൂട്ടം

ബൈത്തൂൾ: നാട്ടുകാരുടേയും വീട്ടുകാരുടേയും നിർബന്ധത്തിന് വഴങ്ങി ഒരേ മണ്ഡപത്തിൽ രണ്ടു യുവതികളെ വിവാഹം കഴിച്ച് യുവാവ്. ഈ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു. വിവാഹം നടന്നത് മധ്യപ്രദേശിലെ ബൈത്തൂൾ ജില്ലയിലുള്ള ‘ഘോടാഡോംഗ്രി’ ബ്ലോക്കിലെ ‘കൊറിയ’ ഗ്രാമത്തിലാണ്. കഴിഞ്ഞദിവസമായിരുന്നു വിവാഹം.

ഗ്രാമത്തിലെ ഗോത്രവിഭാഗത്തിലെ യുവാവായ സന്ദീപ് ഉയിക്കേ ഭോപ്പാലിൽ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഹോഷംഗാബാദ് സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചു. ഇതറിയാതെ ഡിഗ്രി കഴിഞ്ഞുവരുന്ന മകനുവേണ്ടി വീട്ടുകാർ കല്യാണാലോചന നടത്തുകയും തൊട്ടടുത്ത ഗ്രാമത്തിലെ ഒരു യുവതിയെ കണ്ടെത്തുകയും ചെയ്തിരുന്നു. വീട്ടുകാർ ഗ്രാമമുഖ്യന്റെ നേതൃത്വത്തിൽ വിവാഹത്തിന് പെൺകുട്ടിയുടെ വീട്ടുകാർക്ക് വാക്കു നൽകുകയും ചെയ്തു. ഒപ്പം വിവാഹത്തീയതിയും തീരുമാനിച്ചു.

അതേസമയം, സന്ദീപ് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാനായി തീരുമാനിച്ച് മടങ്ങിയെത്തിയതോടെ വിഷയം വിവാദമായി മാറി. ഒടുവിൽ ഗ്രാമമുഖ്യന്റെ നേതൃത്വത്തിൽ ജനസഭ വിളിച്ചുകൂട്ടി. ഒടുവിൽ, എല്ലാവരുടേയും സമ്മതപ്രകാരം യുവാവ് രണ്ടു പെൺകുട്ടികളെയും ഒരേസമയം വിവാഹം കഴിക്കണമെന്ന് തീർപ്പുകല്പിക്കുകയായിരുന്നു. തീരുമാനം ഇരു യുവതികളും യുവാവും മൂന്നു കുടുംബങ്ങളും അംഗീകരിച്ചതോടെ ഗ്രാമീണരുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ വിവാഹവും വിവാഹസൽക്കാരവും നടത്തപ്പെട്ടു.

ഈ വിവാഹം നിയമവിരുദ്ധമാണെന്നും ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്നും അതിനുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചുകഴിഞ്ഞതായും ബൈത്തൂൾ തഹസീൽദാർ അറിയിച്ചു. ഒരു കാര്യം പറയാതെ തരമില്ല. ഈ വിവാഹത്തിൽ ഗ്രാമീണരും വധൂവരന്മാരുടെ മൂന്നു കുടുംബങ്ങളും വളരെ സന്തോഷത്തിലാണ്.

Exit mobile version