വികാസ് ദുബെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചെന്ന് പോലീസ്

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസ് പിടിയിലായ വികാസ് ദുബെയെ വെടിവെച്ചു കൊന്നു. എട്ടുപോലീസുകാരെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യപ്രതി വികാസ് ദുബേ കാൺപുരിൽ വെച്ചാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. വികാസ് മരിച്ചതായി ഉത്തർപ്രദേശ് പോലീസ് സ്ഥിരീകരിച്ചു. വ്യഴാഴ്ച മധ്യപ്രദേശിലെ ഉജ്ജയിനിൽവെച്ച് വികാസ് അറസ്റ്റിലായത്. ഇയാളുടെ സഹായിയെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് കൊലപ്പെടുത്തിയിരുന്നു.

മധ്യപ്രദേശിൽ നിന്നും പിടികൂടിയ വികാസ് ദുബെയെയും കൊണ്ട് ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഉത്തർപ്രദേശിലേക്ക് യാത്ര തിരിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ച വാഹനം കാൺപുരിൽ വെച്ച് മറിഞ്ഞു. കാർ മറിഞ്ഞതിനു പിന്നാലെ, പരിക്കേറ്റ പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് വികാസ് രക്ഷപ്പെടാൻ ശ്രമിച്ചതായി കാൺപുർ വെസ്റ്റ് എസ്പി മാധ്യമങ്ങളോടു പറഞ്ഞു. പോലീസ് ദുബെയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ അതിനിടെ വികാസ് പോലീസിനു നേർക്ക് വെടിയുതിർത്തു. പോലീസ് തിരിച്ചു നടത്തിയ വെടിവെപ്പിൽ വികാസിന് പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതായും എസ്പി കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ കാൺപുരിൽ ഡിവൈഎസ്പി ഉൾപ്പെടെ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായിരുന്നു വികാസ്. ഉജ്ജയിനിയിലെ ക്ഷേത്രപരിസരത്തുവെച്ചാണ് വ്യാഴാഴ്ച പുലർച്ചെ ഇയാൾ പിടിയിലായത്. സമീപത്തെ കടയിലെത്തിയപ്പോൾ കടക്കാരനാണ് ദുബെയെ തിരിച്ചറിഞ്ഞത്.

Exit mobile version